ബാഡ്മിന്‍റനില്‍ രണ്ടു തവണ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട തന്‍റെ കരിയറിനാണ് മുപ്പത്താറുകാരനായ ലിന്‍ ഡാന്‍ വിരാമമിട്ടത്. ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ലിന്‍ ഡാന്‍ വ്യക്തമാക്കി.
ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്ക് നീട്ടിവച്ചതോടെ ലിന്‍ ഡാന്‍ വിരമിക്കല്‍ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഒരു ഒളിംപിക്സിന് കൂടി ബാല്യമില്ലെന്ന തിരിച്ചറിവിലാണ് ലിന്‍ ഡാന്‍റെ പടിയിറക്കം.5 തവണ ലോക ചാംപ്യനായ ലിന്‍ 2008ലും 2012ലുമാണ് ഒളിംപിക്സില്‍ സിംഗിള്‍സ് സ്വര്‍ണം നേടിയത്.
റിയോയിലെ നഷ്ടത്തിനു പകരം ചോദിക്കാന്‍ ലിന്‍ വീണ്ടുമിറങ്ങുമെന്ന പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയാണ് വിരമിക്കല്‍ പ്രഖ്യാപനം. കളത്തിലെ കടുത്ത ശത്രുവും കളത്തിനു പുറത്തെ അടുത്ത മിത്രവുമായിരുന്ന ലീ ചോങ് വെയി വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്ബോഴാണ് ലിന്‍ ഡാനും കളമൊഴിയുന്നത്.
ക്രിക്കറ്റില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്‍റെനില്‍ ലിന്‍ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വര്‍ണം, അഞ്ച് ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം എന്നിവയ്ക്കു പുറമെ ആറ് ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നീ സുവര്‍ണ നേട്ടങ്ങളും സ്വന്തം.
28 വയസ്സിനുള്ളില്‍ തന്നെ ലോക ബാഡ്മിന്‍റെനിലെ ഒന്‍പതു കിരീടങ്ങളും നേടിയ ‘സൂപ്പര്‍ സ്ലാം’ നേട്ടവും ലിന്‍ ഡാനു മാത്രം സ്വന്തം. 2017ല്‍ മലേഷ്യന്‍ ഓപ്പണ്‍ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിന്‍ ഡാനെ തേടിയെത്തി.ലോക ബാഡ്മിന്‍റെനിലെ സകല മേജര്‍ കിരീടങ്ങളും നേടിയ ഒരേയൊരു താരം.