മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക എന്ന ആശയത്തെ അടിസ്താനമാക്കിയാണ് എക്സ്പോ സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.
ദുബായ് : ഐക്യരാഷ്ട്ര സഭയുടെ 28ാമത് കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് ്അടുത്ത വര്‍ഷം യുഎഇ ആതിഥേയത്വം വഹിക്കുമ്പോള്‍ വേദിയാകുക ദുബായിലെ എക്സ്പോ സിറ്റി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഐക്യ രാഷ്ട്ര സഭയുടെ അടുത്ത കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് യുഎഇയാണ് വേദിയെന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അബുദാബിയിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, എക്സ്പോ 2020 നടന്ന വേദി ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
ലോക കാലാവസ്ഥ ഉച്ചകോടിക്ക് അബുദാബി കണ്വെന്ഷന് സെന്ററായിരുന്നു നേരത്തെ നിശ്ചയിച്ച വേദി. എന്നാല്‍, ദുബായില്‍ എക്സ്പോയ്ക്ക് വേണ്ടി നടത്തിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പരമാവധി ഉപയോഗിക്കാനാണ് ഇവിടെ തന്നെ വേദിയാക്കുന്നത്.
ലോകം നേരിടുന്ന കാലാവസ്ഥ വെല്ലുവിളികള്‍ക്കുള്ള പരിഹാരം സമ്മേളനത്തില്‍ ഉരുത്തിരിയും. മുമ്പ് നടന്ന സമ്മേളനങ്ങളില്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലായോ എന്ന വിലയിരുത്തലും ഇതിനൊപ്പം നടക്കും.
രാഷ്ട്രത്തലവന്മാരും ഉദ്യോഗസ്ഥരും അടക്കം അരലക്ഷത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. 2023 ഒക്ടോബറിലാണ് കാലാവസ്ഥ വ്യതിയാന ഉച്ചകോടി നടക്കുക.
സര്‍ഗാത്മകതയുടെ ആഗോള കേന്ദ്രമായി എക്സ്പോ സിറ്റി മാറുമെന്ന് കഴിഞ്ഞ ദിവസം പദ്ധതി പ്രഖ്യാപിക്കവെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.













