മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്ന് ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഇടിവ് നേരിട്ടു. ബോണ്ട് യീല്‍ഡ് ഉയരുന്നതിനെ കുറിച്ചുള്ള ആശങ്കയാണ് വിപണിയില്‍ ഇടിവിന് കാരണമായത്.
അതേ സമയം ഇന്നത്തെ ഇടിവിനു ശേഷവും ഈയാഴ്‌ചയിലെ മൊത്തം പ്രകടനം കണക്കിലെടുക്കുമ്പോള്‍ നേട്ടത്തിലാണ് സൂചികകള്‍. ഈയാഴ്‌ച നിഫ്‌റ്റിയും സെന്‍സെക്‌സും 0.7 ശതമാനം വീതമാണ് ഉയര്‍ന്നത്.
ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തില്‍ വ്യാപാരം തുടങ്ങിയതിനു ശേഷം കടുത്ത ചാഞ്ചാട്ടത്തിലൂടെ കടന്നുപോകുന്നതാണ് ഇന്ന് കണ്ടത്. നിഫ്‌റ്റിയില്‍ ഏകദേശം 380 പോയിന്റിന്റെ വ്യതിയാനമാണ് വ്യാപാരത്തിനിടെ ഉണ്ടായത്. 15,300നു മുകളിലായി വ്യാപാരം ആരംഭിക്കുകയും 15,336 പോയിന്റ് വരെ ഉയരുകയും ചെയ്‌ത നിഫ്‌റ്റി ഉച്ചക്കു ശേഷം ശക്തമായ ലാഭമെടുപ്പിനെ തുടര്‍ന്ന് 14,953 പോയിന്റ് വരെ ഇടിഞ്ഞു. താഴ്‌ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടിയതിനെ തുടര്‍ന്ന് 15,030ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 42ഉം ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. ഇന്ന് എല്ലാ മേഖലകളും ഇടിവ് നേരിട്ടു.പൊതുമേഖലാ ബാങ്ക് സൂചിക 1.70 ശതമാനവും ഓട്ടോ സൂചിക 1.66 ശതമാനവും ഇടിഞ്ഞു.
നിഫ്‌റ്റി മിഡ്‌കാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.5 ശതമാനവും നഷ്‌ടം നേരിട്ടു.




















