അസത്യങ്ങളോ അര്‍ധസത്യങ്ങളോ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി രാഷ്‌ട്രീയത്തില്‍ ജനപിന്തുണ നേടുയും ചെയ്യുക എന്നതാണ് ഫാസിസത്തിന്റെ പൊതുരീതി. തെറ്റായ കണക്കുകള്‍ ആധികാരികമെന്ന മട്ടിലായിരിക്കും ഫാസിസത്തിന്റെ പ്രചാരകര്‍ അവതരിപ്പിക്കുന്നത്. അവ ശരിയെന്ന് വിശ്വസിപ്പിക്കാന്‍ അവരുടെ സമര്‍ത്ഥമായ പ്രചാരവേലക്ക് സാധിച്ചെന്നിരിക്കും. ഇതിലൂടെ നേടുന്ന ജനപിന്തുണയെ ഊട്ടിയുറപ്പിക്കാന്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇന്ത്യയിലും ഫാസിസത്തിന്റെ സര്‍വലക്ഷണങ്ങളുമുള്ള സംഘ്‌പരിവാര്‍ പലപ്പോഴും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്.
ബിജെപിക്ക് രാഷ്‌ട്രീയമായ വേരുകള്‍ ഉറപ്പിക്കാന്‍ സാധിച്ച ബാബ്‌റി മസ്‌ജിദ് വിഷയത്തില്‍ തുടങ്ങി അവര്‍ ചെയ്‌തുപോന്നത് അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുക എന്ന അജണ്ട സമര്‍ത്ഥമായി നടപ്പിലാക്കുകയാണ്. ചരിത്രവസ്‌തുതകളെ വളച്ചൊടിക്കാനും നിലവിലുള്ള ചരിത്ര നിര്‍മിതികള്‍ തന്നെ വ്യാജമാണെന്നും അവര്‍ പ്രചരിപ്പിച്ചു പോരുന്നു. ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്‌തകങ്ങള്‍ വഴി ചരിത്രം തിരുത്തിയെഴുതാന്‍ അവര്‍ ആരംഭിച്ചിരിക്കുന്നതും ഈ പ്രോപഗാണ്ടയുടെ ഭാഗമായാണ്.
ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് എതിരെ തെറ്റായ പ്രചാരണം നടത്തുന്നത് അവരുടെ രീതിയാണ്. കൊലപാതകങ്ങളുടെ നാടിനെ എങ്ങനെയാണ് ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുക എന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തെ പരാമര്‍ശിച്ചുകൊണ്ട് കൊച്ചിയില്‍ വെച്ച് പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്‌ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി നമ്മുടെ സംസ്ഥാനത്തെ അവഹേളിച്ചുകൊണ്ട് സംസാരിച്ചത്.
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടികാട്ടിയാണ് നിര്‍മലാ സീതാരാമന്‍ ഇത്തരമൊരു പ്രസ്‌താവനക്ക് മുതിര്‍ന്നത്. കൊലപാതകങ്ങളുടെ നാട് എന്ന വിശേഷണം കൊലകള്‍ നിരന്തരമായി സംഭവിക്കുന്ന, ക്രമസമാധാന നില തീര്‍ത്തും കുത്തഴിഞ്ഞ ഒരു സംസ്ഥാനമാണ് കേരളം എന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. ഈ ഗൗരവമായ ആരോപണത്തിന് യാഥാര്‍ത്ഥ്യവുമായി ഏറെ അകലെയാണ് സ്ഥാനം. ബിജെപിക്ക് വേരു പിടിക്കാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളെ അവഹേളിക്കുന്നത് ആ പാര്‍ട്ടിയിലെ നേതാക്കളുടെ ഒരു പൊതുരീതിയാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്ക് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനം പശ്ചിമബംഗാളാണ്. ജാര്‍ഖണ്‌ഡ്, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അടുത്തതായി വരുന്നത്. ഇവിടങ്ങളിലെ കൊലപാതകങ്ങളില്‍ നല്ലൊരു പങ്കും സംഭവിക്കുന്നത് ജാതിസ്‌പര്‍ധയുടെ പേരിലാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ചൂണ്ടികാട്ടുന്നത്. ജാതിസ്‌പര്‍ധയുടെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം.
കണക്കുകള്‍ ഇങ്ങനെയായിട്ടും കേരളത്തെ കൊലപാതകങ്ങളുടെ നാട് എന്ന് അവഹേളിക്കാന്‍ കേന്ദ്രമന്ത്രിക്ക് യാതൊരു മടിയുമില്ല. അത് അവര്‍ പ്രതിനിധാനം ചെയ്യുന്ന അസത്യപ്രചാരണത്തിന്റെ രാഷ്‌ട്രീയത്തിന്റെ ഉറഞ്ഞുതുള്ളല്‍ മാത്രമാണ്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയും ആയിരകണക്കിന് ന്യൂനപക്ഷമതസ്ഥരെ കൊന്നുതള്ളുകയും ചെയ്‌തതിന്റെ ട്രാക്ക് റെക്കോഡ് ഉള്ള ഒരു പാര്‍ട്ടിയുടെ നേതാവാണ് അവര്‍ക്ക് വേരോടാന്‍ കഴിയാത്ത ഒരു സംസ്ഥാനത്തെ ഇങ്ങനെ അവഹേളിക്കുന്നത്.