ഉന്നാവോ: ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടു പേരെയാണ് പതിനാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്ക് 18 വയസ് കഴിഞ്ഞുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
മൂന്ന് പെണ്‍കുട്ടികള്‍ക്ക് കീടനാശിനി കലര്‍ത്തിയ വെള്ളം പ്രതികള്‍ നല്‍കിയതായി ലഖ്നൗ റേഞ്ച് ഐ.ജി ലക്ഷ്മി സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രണയം നിരസിച്ചതാണ് പ്രതിയെക്കൊണ്ട് ഇക്കാര്യം ചെയ്യിച്ചതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ചയായിരുന്നു ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ദളിത് പെണ്‍കുട്ടികളെ ബോധരഹിതരായി കൃഷിയിടത്തില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇതില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ചയോടെ സംസ്‌കരിച്ചു.












