ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുമായി ബി.ജെ.പി നേതാവ് ശോഭസുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ എന്തെങ്കിലും ഇടപെടല്‍ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവര്‍ പ്രതികരിച്ചത്.
സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ വിഷയത്തില്‍ ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്തതിനാല്‍ മോദി കേരളത്തില്‍ എത്തുമ്പോള്‍ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് വിവരം.
കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതുമുതലാണ് ശോഭ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് ഒഴിച്ചാല്‍ ഒരു വര്‍ഷത്തോളമായി ബി.ജെ.പിയുടെ ഒരു പരിപാടിയിലും ശോഭ പങ്കെടുത്തിരുന്നില്ല.











