Web Desk
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 16 മുതൽ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ്, ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് എന്നിവര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെെറസ് വ്യാപനം തടയുന്നതിനും സമഗ്ര കൊവിഡ് പരിശോധനയുടെയും ഭാഗമായാണ് ജൂണ്‍ രണ്ടു മുതല്‍ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലേക്കും തിരിച്ച് മറ്റു പ്രദേശങ്ങളിലേക്കുമുളള യാത്രകൾക്കാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. കൂടാതെ യുഎഇ പൗരന്മാര്‍ ഉള്‍പ്പടെയുളള എല്ലാ അബുദാബി നിവാസികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. അടിയന്തര വിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്ക്, ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ട രോഗികള്‍, അവശ്യ സാധനങ്ങള്‍ക്കുളള വാഹന സര്‍വ്വീസുകള്‍ എന്നിവയ്ക്ക് പ്രത്യേക പെര്‍മിറ്റ് വഴി ഇളവുകള്‍ ലഭ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 388,000 ലധികം ആളുകളില്‍ കൊവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.