മസ്‌ക്കറ്റ്: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒമാനില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ എല്ലാ ബീച്ചുകളും പൊതുപാര്‍ക്കുകളും ഫെബ്രുവരി 11 വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ച കാലത്തേക്ക് അടച്ചിടാന്‍ ബുധനാഴ്ച നടന്ന സുപ്രീംകമ്മിറ്റി യോഗം തീരുമാനിച്ചു. റെസ്റ്റ് ഹൗസുകള്‍, ഫാമുകള്‍, വിന്റര്‍ ക്യാമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ക്കും കര്‍ശന വിലക്ക് ബാധകമാണ്. രാജ്യത്തിന് പുറത്തേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും ഒത്തുചേരല്‍ പാടില്ലെന്നും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടു. വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍, ജിംനേഷ്യം എന്നിവയില്‍ അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഈ തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരും. ഗ്യാസ് സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവക്ക് ഈ തീരുമാനം ബാധകമായിരിക്കില്ല.
രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുകിടക്കും. ട്രക്കുകള്‍ക്ക് മാത്രമായിരിക്കും കടന്നുപോകാന്‍ അനുമതിയുണ്ടാവുക. രാജ്യത്തിന് പുറത്തുള്ള സ്വദേശികള്‍ക്ക് ഫെബ്രുവരി 21 വരെ കര അതിര്‍ത്തികള്‍ വഴി ഒമാനിലേക്ക് തിരികെയെത്താന്‍ അവസരമുണ്ടാകും. ഇതിന് ശേഷം കര അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടായ ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ വഴി രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായുള്ള ചെലവ് യാത്രക്കാര്‍ സ്വയം വഹിക്കണം. വീടുകളില്‍ ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ പലരും നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും നിയമ ലംഘനങ്ങള്‍ നടത്തുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനെമന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ വാണിജ്യ സ്ഥാപനങ്ങള്‍ രണ്ടാഴ്ചക്കാലം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണി വരെ അടച്ചിടാനും സുപ്രീംകമ്മിറ്റി യോഗത്തില്‍ തീരുമാനമായി.