ചെന്നൈ: ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് ഒപിഎസ് പക്ഷത്തെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ശശികല അണ്ണാ ഡിഎംകെയിലേക്ക് തിരികെയെത്തണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ഒ.പനീര്‍ ശെല്‍വത്തിന്റെ തട്ടകമായ തേനിയിലും ശശികലയെ പിന്തുണച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇന്നലെ മുതല്‍ തന്നെ അനുനയ ചര്‍ച്ചകള്‍ക്ക് അണ്ണാ ഡിഎംകെ ശ്രമിച്ചിരുന്നു. കര്‍ണാടക അണ്ണാ ഡിഎംകെ സെക്രട്ടറി യുവരാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലെത്തി ശശികലയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചു. പക്ഷേ, ഇതുവരെയും നേതാക്കളെ കാണാന്‍ ശശികല തയ്യാറായിട്ടില്ല. ഇപ്പോള്‍ അനുനയ ചര്‍ച്ചകളില്‍ കാര്യമില്ല എന്നാണ് ശശികല ക്യാമ്പ് വ്യക്തമാക്കുന്നത്. ശശികല ചെന്നൈയിലെത്തിയ ശേഷം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം വിളിക്കുമെന്നും യഥാര്‍ത്ഥ അണ്ണാ ഡിഎംകെ തങ്ങളാണ് എന്നുമാണ് ശശികല ക്യാമ്പിന്റെ അവകാശവാദം.
അണ്ണാ ഡിഎംകെയില്‍ തന്നെ ശശികലക്കായി മുറവിളി ഉയരുമ്പോള്‍ അനുനയ ചര്‍ച്ചകളില്‍ താല്‍പത്യമില്ലെന്ന നിലപാടിലാണ് എടപ്പാടി പളനിസ്വാമി പക്ഷം. ശശികലയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉയരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് അനുനയ നീക്കങ്ങള്‍ക്ക് ശ്രമം തടങ്ങിയത്.