ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒന്‍പത് വര്‍ഷം മുമ്പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ തച്ചങ്കരിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരും പരിശോധിച്ച് അനുമതി നല്‍കിയ ശേഷമായിരുന്നു കുറ്റപത്രം നല്‍കിയത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത്.
തുടരന്വേഷണമാകാമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപേദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. അപൂര്‍വ്വമായി മാത്രമാണ് അഴിമതിക്കേസില്‍ പ്രതിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുന്നത്. പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടരോടുള്ള നിര്‍ദ്ദേശം.
ഒരു വര്‍ഷം മുമ്പ് തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന തച്ചങ്കരിയുടെ അപേക്ഷ കോട്ടയം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെ സമീപിച്ചത്. ലോക്‌നാഥ് ബെഹ്‌റ വിരമിച്ചാല്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് തച്ചങ്കരി.
അഴിമതി കേസില്‍ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് തടസ്സമാവാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതെന്നാണ് സൂചന. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. തുടരന്വേഷണം നടത്താനുള്ള തീരുമാനം പുതിയ അന്വേഷണ സംഘം കോടതിയെ അറിയിക്കും.