കാവിവല്‍ക്കരണം സമസ്‌ത മേഖലകളിലും സംഭവിക്കുന്നതിനാണ് നാമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ശാസ്‌ത്രസത്യങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു മുറിവൈദ്യന് ആത്മവിശ്വാസം നല്‍കും വിധത്തില്‍ അസത്യങ്ങളുടെയും അര്‍ധസത്യങ്ങളുടെയും പ്രചാരകര്‍ക്ക് കാവിവല്‍ക്കരണം വലിയൊരു ഇടം ഉണ്ടാക്കികൊടുത്തിട്ടുണ്ട്. ലോകപ്രശസ്‌തരായ ധനകാര്യ വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്ന അസുഖകരമായ സത്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഓഹരി വിപണിയില്‍ കുറെക്കാലം നിക്ഷേപം നടത്തിയതിന്റെ പരിജ്ഞാനം മാത്രമുള്ളവര്‍ അതിവൈദഗ്‌ധ്യം ചമഞ്ഞെത്തുന്നതും ഇത്തരം പ്രചാര വേല ഒരു ഫാഷനായി മാറിയതുകൊണ്ടാണ്.
കാര്‍ഷിക നിയമങ്ങളെ പിന്തുണക്കാത്ത മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നിലപാടിനെ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല വിമര്‍ശിക്കുന്നത് ശാസ്‌ത്രകാരനെ മുറിവൈദ്യന്‍ ചോദ്യം ചെയ്യുന്നതു പോലെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ചെയ്‌ത നല്ലതൊന്നും രഘുറാം രാജന്‍ കാണാതെ പോകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഇരുട്ട് മാത്രമാണ് കാണുന്നതെന്നും വെളിച്ചം കാണുന്നില്ലെന്നും രാകേഷ് ജുന്‍ജുന്‍വാല പറയുന്നു. അതേ സമയം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷങ്ങളില്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് പറയുന്ന ജുന്‍ജുന്‍വാല കഴിഞ്ഞ “അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ചെയ്‌ത നല്ല കാര്യങ്ങള്‍” എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നുമില്ല. രഘുറാം രാജനെതിരെ വിമര്‍ശനം ചൊരിഞ്ഞ ജുന്‍ജുന്‍വാലയെ അടുത്ത ധനകാര്യമന്ത്രിയായി പരിഗണിക്കാവുന്നതാണെന്ന് പരിഹസിക്കുകയാണ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിഹ്നയുടെ ധനകാര്യ ഉപദേഷ്‌ടാവ് ആയി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മോഹന്‍ ഗുരുസ്വാമി ചെയ്‌തത്.
ഓഹരി വിപണിയുടെ മറവില്‍ ഉപജാപങ്ങള്‍ നടത്തുന്നവര്‍ക്കും `മോദി ഭക്തി’ തങ്ങളുടെ നിയമലംഘനത്തെ മൂടിവെക്കാന്‍ ഒരു പക്ഷേ സഹായകമായേക്കാം. രഘുറാം രാജന്റെ നിരീക്ഷണങ്ങളെ വിമര്‍ശിക്കാനും കേന്ദ്രസര്‍ക്കാരിനെ വാഴ്‌ത്താനും യാതൊരു വസ്‌തുതകളും കണക്കുകളും കൈയിലില്ലെങ്കിലും ചങ്കൂറ്റം കാണിക്കുന്ന ജൂന്‍ജുന്‍വാലയുടെ ലക്ഷ്യം അത്തരം ചില ലക്ഷ്യങ്ങള്‍ ആകാം.
ആപ്‌ടെക് കമ്പ്യൂട്ടേഴ്‌സില്‍ ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തിയെന്നതിന്റെ പേരില്‍ കേസ് നേരിടുന്നയാളാണ് ബിഗ് ബുള്‍ എന്ന് അറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല. കേസിന് ആസ്‌പദമായ സംഭവം നടന്നത് അഞ്ചു വര്‍ഷം മുമ്പാണ്. ആപ് ടെക്കിന്റെ ബോര്‍ഡിലുള്ള രാകേഷ് ജുന്‍ജുന്‍വാല 2016 ഫെബ്രുവരിക്കും സെപ്‌തംബറിനുമിടയില്‍ നടത്തിയ ഓഹരി ഇടപാടുകളാണ് സെബിയുടെ കേസിന് ആധാരമായത്.
2016 സെപ്‌തംബറിലെ രാകേഷിന്റെ ബന്ധുക്കള്‍ ഏഴര ലക്ഷം ആപ് ടെക് ഓഹരികള്‍ വാങ്ങിയതാണ് കേസിന് ആസ്‌പദമായ ഒരു ഇടപാട്. ഓഹരികള്‍ വാങ്ങിയ ആപ് ടെക് ഓഹരി 10 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയിരുന്നു. നൂറു കോടിയിലേറെ രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിയത്. ഇവര്‍ ഓഹരി വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ – സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുകയാണെന്ന് ആപ് ടെക് അറിയിച്ചു.
ആപ്‌ടെക് കമ്പനിയുടെ ബോര്‍ഡ് തീരുമാനം ഉറ്റവര്‍ക്ക് ചോര്‍ത്തി നല്‍കി സാമ്പത്തിക നേട്ടം കൊയ്യാന്‍ ശ്രമിച്ചുവെന്നതാണ് ജുന്‍ജുന്‍വാലക്കെതിരായ പരാതി. ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് അറിയപ്പെടുന്ന ഇത്തരം പ്രവൃത്തികള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. യാതൊരു ലജ്ജയുമില്ലാതെ ഇത്തരം ഉപജാപങ്ങള്‍ക്ക് മുതിരുന്നയാളാണ് കാര്‍ഷിക നിയമത്തെ കുറിച്ചുള്ള അഭിപ്രായത്തെ ചൊല്ലി രഘുറാം രാജനെതിരെ തിരിയുന്നത്.
ബിഗ് ബുള്ളുകളും ദന്തഗോപുരവാസികളും തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്ക് വിഘാതം സൃഷ്‌ടിക്കുന്നവരായി വിശേഷിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഓഹരി വിപണിയിലെ കുതിപ്പ് മാത്രം അടിസ്ഥാനമാക്കി സമ്പദ്‌വ്യവസ്ഥ വളരുകയാമെന്ന തലതിരിഞ്ഞ വാദം ഉന്നയിക്കുന്നവര്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങള്‍ മാത്രമാണുള്ളത്.