ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. അസാപ് ആവിഷ്‌കരിക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ഡ്രൈവ്, ഓണ്‍ലൈന്‍ പ്ലേസ്‌മെന്റ് ഡ്രൈവ് -ആസ്പയര്‍ 2020, വിദേശ ജോലി ആഗ്രഹിക്കുന്ന നഴ്‌സിംഗ് പ്രൊഫെഷനലുകള്‍ക്കുള്ള ക്രാഷ് ഫിനിഷിങ് കോഴ്‌സ് എന്നീ പദ്ധതികള്‍ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും നിരവധി മാറ്റങ്ങള്‍ ഉണ്ടകും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തുന്ന നൂതന സംരംഭങ്ങള്‍ വളര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവ പ്രതിഭകള്‍ക്ക് നവീന സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനാണ് അസാപ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 45 പോളിടെക്‌നിക് കോളേജുകളില്‍ ഓരോ ഇന്‍ഡസ്ട്രികളുടെയും ഒരു ചെറിയ മാതൃക സൃഷ്ടിക്കുകയും അവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം ഒരുക്കുകയുമാണ് ലക്ഷ്യം. എന്‍ജിനിയറിങ് കോളേജുകളിലൂടെ ആധുനിക കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനും, പോളിടെക്‌നിക്കുകളില്‍ അസാപ് തന്നെ ഒരു ചെറിയ ഇന്‍ഡസ്ട്രി മാതൃക സൃഷ്ടിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ അഭ്യസിച്ച കോഴ്‌സുകളുടെ പ്രായോഗിക കാര്യങ്ങള്‍ ചെയ്ത് മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കും. വ്യവസായ ചലനാത്മകത, ഡ്രൈവ് ടെക്‌നോളജി, ബിസിനസ് സംരംഭങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ ഉളവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ സംരംഭം.
പോളിടെക്‌നിക് കോളേജുകളില്‍ സ്ഥാപിതമാകുന്ന ഈ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസുകള്‍, വരും വര്‍ഷങ്ങളില്‍ മിനി ഇന്‍ഡസ്ട്രീസ്, മൈക്രോ ഇന്‍ഡസ്ട്രീസ് എന്നിവയായി പരിണമിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.ഐ ടി, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ എല്ലാ സാങ്കേതികവിദ്യകളിലും അതത് മേഖലകളിലെ വിദഗ്ദ്ധരായ കമ്പനികളുമായി സഹകരിച്ച് മികച്ച പരിശീലനം നല്‍കുന്നു. ആദ്യ ഘട്ടത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ച 7500 ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ആസ്പയര്‍ 2020 ഓണ്‍ലൈന്‍ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി നിയമനം നേടിയ ഉദ്യോഗാര്‍ഥികളുടെ ഓഫര്‍ ലെറ്റര്‍ വിതരണവും നടന്നു.
നഴ്‌സിങ് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ക്രാഷ് ഫിനിഷിങ് സ്‌കില്‍ കോഴ്‌സ് നടപ്പിലാക്കുന്നതിന് അസാപ്പും ബ്രിട്ടീഷ് കൗണ്‍സിലും തമ്മിലുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. ഐ.ഇ.എല്‍.ടി.എസ് പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും, അന്താരാഷ്ട്ര തൊഴിലവസരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യത നേടുന്നതിനുമായി, അസാപിന്റെ നേതൃത്വത്തില്‍ 10.000 നഴ്‌സുമാര്‍ക്കാണ് ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കുന്നത്. ഇംഗ്ലീഷ് ഭാഷാ പരിശീലനവിദഗ്ധരായ ബ്രിട്ടീഷ് കൗണ്‍സില്‍ വഴിയാണ് ഇത്.
ഓണ്‍ലൈന്‍ രീതിയിലുള്ള പരിശീലനമായിരിക്കും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുക. പരിശീലനത്തിന് മുന്നോടിയായി നഴ്‌സുമാര്‍ക്ക് ഒരു പ്രീ-കോഴ്‌സ് അസ്സെസ്സ്‌മെന്റും ഉണ്ടായിരിക്കും. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റിലൂടെ നടത്തുന്ന അസ്സെസ്സ്‌മെന്റില്‍, വിദ്യാര്‍ത്ഥികളുടെ വ്യാകരണ-പദാവലി-ശ്രവണ-വായനാ നൈപുണികള്‍ വിലയിരുത്തപ്പെടും. ആവശ്യമായ ഇംഗ്ലീഷ് സ്‌കോറോട് കൂടി സ്പീക്കിംഗ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ അതത് കോഴ്‌സുകളിലേക്ക് നിയോഗിക്കപ്പെടും. പരിചയസമ്പന്നരായ ഭാഷാ വിദഗ്ധരുടെ പിന്തുണയിലും, നിരീക്ഷണത്തിലും അന്താരാഷ്ട്ര യോഗ്യതയുള്ള അധ്യാപകര്‍ പഠിപ്പിക്കും. 20 ആഴ്ചകളിലായി ആകെ 200 മണിക്കൂറാണ് പഠനം. തത്സമയ പരിശീലനത്തിലൂടെയും, സ്വയം പ്രവേശിത പഠനത്തിലൂടെയും, നഴ്‌സുമാര്‍ വായന, എഴുത്ത്, കേള്‍ക്കല്‍, സംസാരിക്കല്‍ എന്നീ നാല് മേഖലകളില്‍ ഇംഗ്ലീഷ് ഭാഷാ കഴിവുകള്‍ മെച്ചപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ്, അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ വീണ എന്‍ മാധവന്‍, ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡോ ബൈജുബായ് ടി പി, ബ്രിട്ടീഷ് കൗണ്‍സില്‍ പ്രതിനിധി ഡോ.ജനക പുഷ്പനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.