കഴിഞ്ഞ ആറ് മാസത്തിനിടെ ലൈംഗിക പീഡനത്തിന് ഇരയായ ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. 13 മുതല്‍ 16 വയസുവരെയുള്ള കുട്ടികളാണ് കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതലുള്ള കാലയളവില്‍ ലൈംഗിക പീഡനത്തിന് ഇരയാവുകയും ഗര്‍ഭിണികളാവുകയും ചെയ്തത്. ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഏഴ് കേസുകളിലും ഗര്‍ഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തിനും ശാരീരിക അവസ്ഥകള്‍ക്കും വളരെയധികം മുന്‍ഗണന നല്‍കുമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
”പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഗര്‍ഭാവസ്ഥയുടെ തുടര്‍ച്ചയില്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമോ അല്ലെങ്കില്‍ അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പരിക്കുണ്ടാകുമോ, കുട്ടി ജനിച്ചാല്‍ കാര്യമായ അപകടസാധ്യത ഉണ്ടോ ഗുരുതരമായ വൈകല്യമുള്ളതോ ശാരീരികമോ മാനസികമോ ആയ അസാധാരണത്വം ഉള്ളതോ ആണോ എന്നെല്ലാം കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. ഗര്‍ഭാവസ്ഥയുടെ വികസിത ഘട്ടവുമായി ബന്ധപ്പെട്ട്, എന്തെങ്കിലും അപകടമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കും.”- ജനുവരി നാലിലെ ഉത്തരവില്‍ കോടതി വ്യക്തമാക്കി
ഓരോ ഹര്‍ജിയും ലഭിച്ച അതേ ദിവസം തന്നെ ഗര്‍ഭച്ഛിദ്രത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു, അതേ ദിവസം തന്നെ മെഡിക്കല്‍ ബോര്‍ഡുകളുടെ രൂപീകരണത്തിന് കോടതി നിര്‍ദേശം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കാത്ത ഗര്‍ഭഛിദ്രം നടത്തുന്നത് സംബന്ധിച്ചും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ഭാവി നടപടികളെക്കുറിച്ചുള്ള കുട്ടിയുടെ അഭിപ്രായങ്ങളും സൈക്യാട്രിസ്റ്റ് കണ്ടെത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഒരു കേസുകളിലും പെണ്‍കുട്ടിയുടെ ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കാനും ആശുപത്രിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന സമയത്ത് കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും കോടതി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.