കേരളത്തിലെ ആദ്യകാല പ്രക്ഷേപകരില്‍ പ്രമുഖയായ ഇന്ദിരാ ജോസഫ് അന്തരിച്ചു.95 വയസ്സ്. 1940 കളുടെ അവസാനം തിരുവിതാംകൂര്‍ റേഡിയോയില്‍ ഇംഗ്ലീഷ് ന്യൂസ് റീഡര്‍ ആയാണ് പ്രക്ഷേപണ ജീവിതം ആരംഭിച്ച ഇന്ദിരാ പൊതുവാള്‍ ആണ് പിന്നീട് ഇ എം ജോസഫ് വെണ്ണിയൂരിനെ വിവാഹം കഴിച്ച് ഇന്ദിരാജോസഫ് ആയത്.തിരുവനന്തപുരം ആകാശവാണിയില്‍ ദീര്‍ഘകാലം അനൗണ്‌സറും ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവുമായി പ്രവര്‍ത്തിച്ചിരുന്നു.
പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആദ്യകാല പ്രക്ഷേപകനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ എം ജെ വെണ്ണിയൂരിന്റെ ഭാര്യയും പ്രശസ്ത ഗായിക ശാന്താ പി നായരുടെ സഹോദരിയുമാണ് ഇന്ദിരാ ജോസഫ്. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്.
തിരുവിതാംകൂറിന്റെ ആര്‍ക്കിയോളജി ഡയറക്ടറായിരുന്ന ആര്‍ വി പൊതുവാളിന്റെ മൂത്തപുത്രിയായ ഇന്ദിരാ ജോസഫ്,1940 കളില്‍ മദ്രാസിലെ അണ്ണായൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയില്‍ ബി എ(ഓണേഴ്സ്)ബിരുദം എടുത്തതിന് ശേഷമാണ് ഇംഗ്ലീഷ് വാര്‍ത്താ അവതാരകയായി പ്രക്ഷേപണ രംഗത്തേക്ക് കടന്നുചെന്നത്.ആകാശവാണിയിലെ ശ്രദ്ധേയങ്ങളായ നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.