English हिंदी

Blog

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനേ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തു നല്കുകയും ഫാക്‌സ് അയയ്ക്കുകയും ചെയ്തിരുന്നു. അത് വൈകിയാണ് അംഗീകരിച്ചത്. 2004 ഓഗസ്റ്റ് 28നാണ് രാജിവച്ചത്. ഉമ്മന്‍ ചാണ്ടിക്കുപോലും എന്റെ രാജി നാടകീയമായിരുന്നു. എന്നാല്‍ അതു നാടകീയമല്ല. കെപി സി സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ നിയമസഭാ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.
രാജിവയ്ക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് 2004 ജൂലൈ13 ന് കത്തും ഫാക്‌സും അയച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയ്ക്കാണ് അയച്ചത്. ജൂലൈ രണ്ടാംവാരം ഡല്‍ഹി സന്ദര്‍ശനസമയത്ത് സോണിയാഗന്ധിയെ കണ്ടപ്പോള്‍ രാജിവയ്ക്കാന്‍ അനുമതി കിട്ടി.
ആര് അടുത്തതെന്ന് എന്നോട് സോണിയ ഗാന്ധി ചോദിച്ചു. തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടി തന്നെ. എന്നു രാജിവയ്ക്കണം എന്നതിനെക്കുറിച്ചുപോലും അന്നു ധാരണയായി, ഒന്നരമാസം കഴിഞ്ഞ് രാജിവയ്ക്കാന്‍് സമ്മതംകിട്ടി. പിന്‍ഗാമി ഉമ്മന്‍ ചാണ്ടിയെന്ന് ആരോടും പറഞ്ഞില്ല. രാജിക്കാര്യം പുറത്തുപോയാല്‍ ചെയ്തുതീര്‍ക്കാനുള്ള കാര്യം ചെയ്തുതീര്‍ക്കാന്‍ കഴിയില്ല. 2002ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ത്തലാക്കിയ  ആനൂകുല്യങ്ങള്‍ പുനസ്ഥാപിക്കാനും മറ്റു ചില കാര്യങ്ങള്‍ ചെയ്യാനുമുണ്ടായിരുന്നു.
സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശം കഴിഞ്ഞ് രാജി എന്നായിരുന്നു തീരുമാനം. 2004 ഓഗസ്റ്റ് 28 സോണിയാഗാന്ധി എസ്എന്‍ഡിപി പരിപാടിക്കുവേണ്ടി കൊല്ലത്തുവന്നു. സോണിയഗാന്ധിപോയിക്കഴിഞ്ഞപ്പോള്‍ വിമാനത്താവളത്തില്‍ വച്ച്  രാജിപ്രഖ്യാപിച്ചു.  അതുവരെയും ആരും അറിഞ്ഞില്ല. സഹപ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഏറ്റവും വിശ്വസ്തനായ ഉമ്മന്‍ ചാണ്ടിക്കോ അറിയില്ലായിരുന്നു.
രാജിവച്ച് പിറ്റേ ദിവസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുന്ന അന്ന് രാവിലെ ഉമ്മന്‍ ചാണ്ടി   കോട്ടയത്തുനിന്ന് തിരിച്ചുവരുമ്പോള്‍ ഞാന്‍ ഫോണില്‍ ഉമ്മന്‍ ചാണ്ടിയോട് അടുത്ത മുഖ്യമന്ത്രിയായിരിക്കുമെന്നു പറഞ്ഞു. മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും ഇതുതന്നെ പറഞ്ഞു.
പാര്‍ലമെന്ററി  പാര്‍ട്ടിയില്‍ താന്‍ ഉമ്മന്‍ ചാണ്ടിയെ നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി തന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രിയായത്.
ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ നിര്‍ത്തിയതിനാണ് 2002ല്‍ 33 ദിവസം നീണ്ട എന്‍ജിഒ സമരം ഉണ്ടായത്.  അന്നു സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. തനിക്ക് ഡല്‍ഹിക്കു പോകാനുള്ള വിമാനടിക്കറ്റുപോലും ട്രാവല്‍ ഏജന്‍സിക്ക്  കുടിശിക വന്നതുകൊണ്ട്   നിരസിച്ചു.  പിന്നീട് ധനമന്ത്രി കെ. ശങ്കരനാരായണന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമായി ധനസ്ഥിതി മെച്ചപ്പെടുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ വാക്കുപാലിച്ച് അവരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായി പുന:സ്ഥാപിക്കുകയും നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഡിഎ കുടിശികപോലും നല്കുകയും  ചെയ്തു. എന്നിട്ടായിരുന്നു രാജിയെന്നും ആന്റണി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷം ഭരണമാറ്റത്തിനുള്ള ഊര്‍ജമാകുമെന്നും കേരളത്തിലെ ഇപ്പോഴത്തെ ഭരണം മലയാളികള്‍ക്ക് അപമാനമാണെന്നും ആന്റണി പറഞ്ഞു.
എഐസിസസി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ പോയപ്പോള്‍ 44 വയസായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെടുകയും കല്യാണം കഴിക്കുന്ന കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും ചെയ്തു. വധുവിനെ കണ്ടെത്താനും ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചു.  കാനറാബാങ്കില്‍ ഉദ്യോഗസ്ഥയായ ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ തന്റെ സഹപ്രവര്‍ത്തകയായ  എലിസബത്തിനെ കണ്ടെത്തി. താലികെട്ടുന്നതിനു പകരം രജിസ്റ്റര്‍ ചെയ്യണമെന്ന് താന്‍ വ്യവസ്ഥ വച്ചു. ഉമ്മന്‍ ചാണ്ടി അതിനും പരിഹാരം കണ്ടെത്തി.  ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ വച്ച് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ രജിസ്റ്റര്‍ വിവാഹം നടന്നു. താലിച്ചരട് കെട്ടാന്‍ രണ്ടുതവണ നോക്കിയിട്ടും നടന്നില്ല. തുടര്‍ന്ന് താനും സഹോദരിയും കൂടിയാണ് എലിസബത്തിനെ കെട്ടിയത്.
സ്വകാര്യജീവിതത്തിലും വ്യക്തിജീവിതത്തിലും പൊതുരംഗത്തും ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം എല്ലാ ജനപ്രതിനിധികളും ജനപ്രതിനിധിയാകാന്‍ ആഗ്രഹിക്കുന്നവരും മാതൃകയാക്കണമെന്നും ആന്റണി പറഞ്ഞു.
Also read:  വടക്കഞ്ചേരി ബസ് അപകടം ; ഡ്രൈവര്‍ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി