പാലാ: ജോസ് കെ മാണിയുടെ കരുത്തില്‍ പാലായില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍ഡിഎഫിന് വന്‍ നേട്ടമായി. പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് 12 വാര്‍ഡുകള്‍ നേടി. മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. അതേസമയം എന്‍ഡിഎയ്ക്ക് ഒന്നും നേടാനായില്ല.
തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേക്ക് പ്രവേശിച്ച ജോസ് കെ മാണി പാലായില്‍ വീണ്ടും കരുത്തറിയിച്ചിരിക്കുകയാണ്. മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു. പാലായില്‍ വിജയം ഉറപ്പിക്കുമെന്നും ജോസ് കെ മാണിയെ പരാജയപ്പെടുത്തുമെന്നും പി ജെ ജോസഫ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.
ഈ തെരഞ്ഞെടുപ്പ് വിജയം മാണിയെ ചതിച്ചവര്‍ക്കുളള മറുപടിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ കേരള കോണ്‍ഗ്രസ്സ് ഏതാണെന്ന് കോടതി പറഞ്ഞു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു കോടതി പറഞ്ഞു ഇപ്പോള്‍ ജനങ്ങളും പറഞ്ഞു. കെ.എം മാണിയോടുളള സ്‌നേഹമാണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.












