തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തു വരുമെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് പുറത്ത് വരണമെങ്കില്‍ ഇനിയും ചില കാര്യങ്ങള്‍ മറനീക്കി വരേണ്ടതുണ്ടെന്നും ആരെയും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതല്‍ തന്റെ നിലപാട്. തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍വെച്ച് ബിജു രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍. ആരേയും കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ ആഗ്രഹിക്കുന്നില്ലെന്നതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നില്ല. അതൊക്കെ പുറത്ത് വരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സോളാര്‍ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം എന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പൈസ പോയതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണം ഉണ്ടാകില്ല. ഒരന്വേഷണത്തില്‍ നിന്ന് അത് മനസിലായതാണെന്നും ഞങ്ങളുടെ ചെലവില്‍ അന്വേഷണം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജോസ് കെ മാണി പോയതുകൊണ്ട് ബാര്‍കോഴ കേസില്‍ യുഡിഎഫിന്റെ നിലപാട് മാറിയിട്ടില്ലെന്നും കെ.എസ്.എഫ്.ഇ നല്ല സ്ഥാപനമാണെന്നും അവിടെ എന്തെങ്കിലും ക്രമക്കേട് നടന്നോ എന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.