കെ.അരവിന്ദ്
അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയിലെ രാസ വ്യവസായം ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 13 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണ് ഇന്ത്യയിലെ രാസ വ്യവസായം കൈവരിച്ചത്. ആഭ്യന്തര ഉപഭോഗം ശക്തമായതാണ് ഈ വളര്‍ച്ചക്ക് കാരണം.
നിലവില്‍ ഇന്ത്യയിലെ പ്രതിശീര്‍ഷ രാസ ഉപഭോഗം കുറഞ്ഞ നിരക്കിലാണ്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ജനങ്ങളുടെ ജീവിത ശൈലിയിലെ മാറ്റവും കണക്കിലെടുക്കുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ഇതില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കാം. ചൈനയിലെ രാസ വ്യവസായത്തിന്റെ തകര്‍ച്ച ഇന്ത്യയിലെ ഈ മേഖലയിലെ കമ്പനികള്‍ക്ക് ഗുണകരമായേക്കും. വേതന വര്‍ധനയും മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ത്വരിത നടപടികളുമാണ് ചൈനയിലെ രാസവ്യവസായത്തെ പ്രതികൂലമായി ബാധിച്ചത്. കോവിഡ് ചൈനയിലെ ഈ സ്ഥിതി കൂടുതല്‍ വഷളാക്കി.
ഇത് ഇന്ത്യയിലെ രാസ കമ്പനികള്‍ക്ക് ആഭ്യന്തര തലത്തിലും ആഗോള തലത്തിലും ഒരു പോലെ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ആഗോള രാസ വ്യവസായം 5.2 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ ആഗോള രാസ വ്യവസായത്തിന്റെ ബിസിനസ് 61,900 കോടി ഡോളറായിരുന്നു. 2019-20ല്‍ ഇത് 76,100 കോടി ഡോളറായി വര്‍ധിച്ചു.
പിഡിലിറ്റ് ഇന്റസ്‌ട്രീസ്, ശ്രീ പുഷ്‌കര്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സ്, ദീപക് നൈട്രേറ്റ്, യുപിഎല്‍, ശാരദാ ക്രോപ്‌ചെം എന്നിവയാണ് ഈ മേഖലയില്‍ നിന്ന് പരിഗണിക്കാവുന്ന ഓഹരികള്‍. കൃഷി വ്യാപകമാകുമ്പോള്‍ വിള സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്ന സാഹചര്യം വിളകള്‍ക്ക് സംരക്ഷണം നല്‍കുന്ന രാസ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയായ യുണൈറ്റഡ് ഫോസ്‌ഫറസിന് ഗുണകരമാകും.
കൃഷിക്ക് ആവശ്യമായ രാസ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശാരദാ ക്രോപ്‌ചെം കാര്‍ഷിക മേഖലയുടെ വികസനത്തിന്റെ മറ്റൊരു പ്രധാന ഗുണഭോക്താവായിരിക്കും. പിഡിലിറ്റ് ഇന്റസ്‌ട്രീസ്, ശ്രീ പുഷ്‌കര്‍ കെമിക്കല്‍സ് & ഫെര്‍ട്ടി ലൈസേഴ്‌സ്, ദീപക് നൈട്രേറ്റ് എന്നീ കമ്പനികള്‍ക്കും രാസ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുന്ന സാഹചര്യം ഗുണകരമാകും. ഈ കമ്പനികളുടെ ഓഹരികളില്‍ വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ നിക്ഷേപം നടത്താവുന്നതാണ്.












