തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. സൈബര്‍ അധിക്ഷേപങ്ങള്‍ തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇനി വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാം.
വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപ വകുപ്പ് ചേര്‍ത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് വ്യാഖ്യാനം.
അതേസമയം ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടികാട്ടിയിരുന്നു.