മുംബൈ: ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് തിരികെയെത്തി. സെന്‍സെക്സ് 85 പോയിന്റും നിഫ്റ്റി 29 പോയിന്റും ഉയര്‍ന്നു. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പ് രാവിലെ വിപണിയെ താഴേക്ക് നയിച്ചെങ്കിലും പിന്നീട് കരകയറ്റം ദൃശ്യമായി.
സെന്‍സെക്സ് 43,443 പോയിന്റിലും നിഫ്റ്റി 12,720 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയില്‍ 125 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,607 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്റ്റി ഇടിഞ്ഞിരുന്നു. നിഫ്റ്റി 12,735 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്തത് മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. ബാങ്കിംഗ് ഓഹരികള്‍ ഇന്ന് ശക്തമായ ചാഞ്ചാട്ടം നേരിട്ടു.
ഏയ്ഷര്‍ മോട്ടോഴ്സ്, ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, ദിവിസ് ലാബ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്റ്റി ഓഹരികള്‍. ഏയ്ഷര്‍ മോട്ടോഴ്സ് 7.46 ശതമാനം ഉയര്‍ന്നു. ബജാജ് ഫിന്‍സെര്‍വ്, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 24 ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റാ മോട്ടോഴ്സ്, എല്‍&ടി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎല്‍ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.