അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങും. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ ഇ ഡി അറസ്റ്റു ചെയ്തത്.
ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും നിരവധി നാടകീയ നിമിഷങ്ങള്‍ക്കും ഒടുവിലാണ് എം ശിവശങ്കറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണ് എന്ന കാര്യത്തില്‍ ഒരു ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ കൂടിയാലോചന നടക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തൊട്ടു പിന്നാലെയാണ് തിരുവനന്തപുത്ത് നിന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ശിവശങ്കരെ കസ്റ്റഡിയിലെടുക്കുന്നത്. തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതും. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായി.
അറസ്റ്റിനായി കസ്റ്റംസും വാദം ഉന്നയിച്ചു. ഇതിനിടെ ഇഡിയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാറും എത്തി. പിന്നീട് വിവിധ തലങ്ങളില്‍ കൂടിയാലോചനകള്‍ നടന്നു. ഒടുവില്‍ ഒമ്പതരയോടെ ഇഡി തന്നെ അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ശിവശങ്കറെ കാത്തിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ ദിനങ്ങളാണ്.


















