ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന് പുറത്തുവിട്ട അണ്‍ലോക്-5 മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ല.
കായിക താരങ്ങള്‍ക്ക് പരിശീലിക്കാനുള്ള നീന്തല്‍ കുളങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രണങ്ങളോടെ തുറക്കാമെന്നും ഒക്ടോബര്‍ 15ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സെപ്റ്റംബര്‍ 30ലെ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നിട്ടില്ല.
കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സിനിമാ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. തിയറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുന്നത് തുടരും.