ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത് നവംബര്‍ മൂന്നിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കാണ്. ഫലം സംബന്ധിച്ച അനിശ്ചിതത്വം തിരഞ്ഞെടുപ്പിന് ശേഷവും നീണ്ടുപോകാനുള്ള സാധ്യതയാണ് സര്‍വേകള്‍ പോലും പ്രവചിക്കുന്നത്. ബൈഡന്‍ നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയാണെങ്കില്‍ ട്രംപ് അധികാരം കൈമാറാതെ കോടതി നടപടികളിലേക്ക് നീങ്ങാന്‍ എല്ലാ സാധ്യതയുമുണ്ട്. തപാല്‍ വോട്ടുകളുടെ വിശ്വാസ്യത ട്രംപ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നത് അതിന്റെ സൂചനയാണ്. അങ്ങനെ സംഭവിച്ചാല്‍ ഭരണ കൈമാറ്റം കോടതിയുടെ തീര്‍പ്പിനു അനുസരിച്ചായിരിക്കും സംഭവിക്കുക. അങ്ങനെയെങ്കില്‍ അടുത്ത യുഎസ് പ്രസിഡന്റ് ആരെന്ന് അറിയാന്‍ ഡിസംബര്‍-ജനുവരി വരെ കാത്തിരിക്കേണ്ടി വരും.
സര്‍വേ ഫലങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോര്‍ജ് ബൈഡനാണ്. ട്രംപിന്റെ പല വിചിത്ര നിലപാടുകളും കോവിഡിനോടുള്ള നിലപാടിലെ വീഴ്‌ചയും അദ്ദേഹത്തെ തിരഞ്ഞെടുപ്പ് അങ്കത്തില്‍ പിറകോട്ടടിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ബൈഡന്‍ ഉറപ്പായും വിജയിക്കുമെന്ന് കരുതാവുന്ന തരത്തിലുള്ള വലിയ മുന്‍തൂക്കമൊന്നും അദ്ദേഹത്തിന് സര്‍വേ ഫലങ്ങളില്‍ ലഭിച്ചിട്ടില്ല. സര്‍വേ ഫലങ്ങളില്‍ അദ്ദേഹത്തിന് കല്‍പ്പിക്കപ്പെടുന്ന പരമാവധി സാധ്യത 54 ശതമാനമാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനമനസിലുണ്ടാകാവുന്ന ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ പ്രവചനാതീതമായ മത്സരം തന്നെയാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നത്.
തന്റെ ചില വിചിത്ര നിലപാടുകള്‍ മൂലം ട്രംപിന് യുഎസിന് പുറത്ത് തീര്‍ത്തും അസ്വീകാര്യനായ വ്യക്തി എന്ന പ്രതിച്ഛായയാണുള്ളതെങ്കിലും രാജ്യത്തിന് അകത്ത് പൂര്‍ണമായും അങ്ങനെയല്ല. ട്രംപിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കോവിഡ് കാലത്ത് ട്രംപ് സ്വീകരിച്ച പല അസ്വീകാര്യമായ നിലപാടുകള്‍ക്കു ശേഷവും അദ്ദേഹത്തിന് പിറകില്‍ ഉറച്ചുനില്‍ക്കുന്നു. അതിനുള്ള ഒരു പ്രധാന കാരണം യുഎസ് സമ്പദ്‌വ്യവസ്ഥ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഏറെ അഭിവൃദ്ധിപ്പെട്ടു എന്നതാണ്. സമാനമായ അഭിവൃദ്ധി ബൈഡന്‍ പ്രസിഡന്റായാല്‍ ഉണ്ടാകുമോ എന്ന സംശയവും അവര്‍ ഉയര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്‌മാ നിരക്കാണ് യുഎസില്‍ രേഖപ്പെടുത്തിയത്. ജിഡിപി വളര്‍ച്ചയിലും ട്രംപിന്റെ ഭരണകാലത്ത് കുതിച്ചുചാട്ടമാണ് ഉണ്ടായത്. കോവിഡ് വന്നതോടെ സമ്പദ്‌ഘടന തിരിച്ചടി നേരിട്ടെങ്കിലും ട്രംപ് കൊണ്ടുവന്ന വളര്‍ച്ചാ പാതയുടെ ഗുണഭോക്താക്കള്‍ക്ക് അദ്ദേഹത്തെ എളുപ്പം തള്ളിക്കളയാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡ് ഭീതിയും ലോക്‌ഡൗണും തൊഴിലില്ലായ്‌മാ നിരക്ക് ഉയരുന്നതിന് കാരണമായെങ്കിലും ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികള്‍ തൊഴിലില്ലായ്‌മാ നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടു വരാന്‍ സഹായകമാകുകയും ചെയ്‌തു. ഏപ്രിലിലെ 20 ശതമാനത്തില്‍ നിന്നും സെപ്‌റ്റംബറില്‍ 7.9 ശതമാനമായി തൊഴിലില്ലായ്‌മാ നിരക്ക് കുറഞ്ഞു. സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് കൊടുത്ത വായ്‌പ ശമ്പള ഇനത്തിലും തൊഴില്‍ സൃഷ്‌ടിക്കുമായി ഉപയോഗിച്ചാല്‍ എഴുതിതള്ളുമെന്ന വ്യവസ്ഥയാണ് ഈ മാറ്റത്തിന് കാരണം.
വിടുവായനാണെങ്കിലും രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിച്ച ഭരണാധികാരിയാണ് ട്രംപ്. ഈ സന്ദര്‍ഭത്തില്‍ ട്രംപുമായി പല തരത്തിലും സാമ്യമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരു താരതമ്യം പ്രസക്തമാണ്. ട്രംപിന് ഭരണനേട്ടമായി രാജ്യത്തിന്റെ വളര്‍ച്ച എടുത്തു പറയാനുണ്ടെങ്കില്‍ മോദിക്ക് കഴിഞ്ഞ ആറര കൊല്ലം കൊണ്ട് എന്ത് നേട്ടമാണ് അവകാശപ്പെടാനാകുന്നത്? ട്രംപ് സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തിയെങ്കില്‍ മോദി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തടസപ്പെടുത്തുകയാണ് ചെയ്‌തത്. ജിഎസ്‌ടി നടപ്പിലാക്കിയതിലെ പാകപ്പിഴകള്‍, നോട്ട് നിരോധനം, പ്രാകൃതമായി നടപ്പിലാക്കിയ ലോക്‌ഡൗണ്‍ തുടങ്ങിയവയെല്ലാം സമ്പദ്‌വ്യവസ്ഥയെ പിറകിലേക്ക് വലിക്കുകയാണ് ചെയ്‌തത്. 2015-19 കാലയളവിലെ ലോകസമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഗുണഭോക്താവാകുന്നതിന് പകരം ഇന്ത്യ മോദി ഭരണത്തിന്‍ കീഴില്‍ തളര്‍ന്നു. മഹാമാരി വന്നതോടെ സമ്പദ്‌വ്യവസ്ഥയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയിലായി.
യുഎസിനെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചിട്ടും ട്രംപിന് മറ്റൊരു തിരഞ്ഞെടുപ്പ് ജയിക്കാന്‍ പോന്ന ജനപിന്തുണ തന്റെ രാജ്യത്തിനകത്ത് ലഭിക്കുന്നില്ല. അതേ സമയം കോട്ടങ്ങള്‍ മാത്രം സൃഷ്‌ടിച്ച മോദിക്ക് നമ്മുടെ രാജ്യത്ത് ജനപ്രീതി വര്‍ധിക്കുന്നത് വിചിത്രമായ സ്ഥിതിവിശേഷമാണ്.