കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട വാങ്ങാന്‍ ജയസൂര്യ സാമ്പത്തിക സഹായം നല്‍കും. വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു. എറണാകുളം ഇരുമ്പനത്താണ് സജന ബിരിയാണി വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ തൊട്ടടുത്തുള്ള കടക്കാര്‍ അവരെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് നടപടിയൊന്നും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെ കച്ചവടം മുടങ്ങി. തുടര്‍ന്ന് സജന ഫെയ്‌സ്ബുക്കില്‍ തന്റെ സങ്കടം പറഞ്ഞ് എത്തിയതോടെയാണ് പുറംലോകം ഇവരുടെ ദുരവസ്ഥ അറിഞ്ഞത്.
‘ഇന്ന് ഞാന്‍ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവന്‍ ബാക്കി ആയി. 20 ഊണും 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാന്‍ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്’ എന്നാണ് സജ്‌ന ഷാജി ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. തുടര്‍ന്ന് നിരവധി താരങ്ങള്‍ സജനയെ പിന്തുണച്ചെത്തി. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് സജനയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയും എത്തിയത്.


















