ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ ഡോ. എല്‍ മുരുഗന്റെ സാന്നിധ്യത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയാണ് ഖുശ്ബുവിന് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയത്.
എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് ഖുശ്ബുവിനെ നീക്കിയതായി കോണ്‍ഗ്രസ് അറിയിച്ചതിന് പിന്നാലെയായിരുന്നു ഖുശ്ബു പാര്‍ട്ടി വിട്ടത്. അംഗത്വം രാജിവെച്ച് സോണിയ ഗാന്ധിക്ക് കത്ത് നല്‍കുകയായിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരെ ചിലര്‍ ഒതുക്കുകയാണെന്നും യാതൊരു ബോധവുമില്ലാത്തവര്‍ തന്നെ താഴ്ത്തികെട്ടുകയാണെന്നും നടി കത്തില്‍ ആരോപിച്ചു.
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയങ്ങളെ ഖുശ്ബു പ്രശംസിച്ചിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് സുഖം പ്രാപ്തി നേര്‍ന്നും നടി ട്വിറ്ററില്‍ എത്തിയിരുന്നു. ഇതോടുകൂടി ബിജെപിയിലേക്ക് താരം പോകുമെന്ന തരത്തില്‍ വാര്‍ത്തകളും പരന്നിരുന്നു.












