കൊച്ചി: ആദായ നികുതി റെയ്ഡില്‍ വിശദീകരണവുമായി പി.ടി തോമസ് എംഎല്‍എ. വസ്തുഇടപാടിനിടെ അദായ നികുതി വകുപ്പെത്തിയപ്പോള്‍ താന്‍ ഇറങ്ങിയോടിയെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സ്ഥലം ഉടമയും സ്ഥലം വാങ്ങിയ ആളും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കാണ് പോയതെന്ന് പി.ടി തോമസ് പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ് നിറവേറ്റിയത്. കമ്യുണിസ്റ്റ് കുടുംബത്തിന്റെ പരാതിയില്‍ ജനപ്രതിനിധി എന്ന നിലയിലാണ് ഇടപെട്ടത്. കമ്യുണിസ്റ്റ് കുടുംബമായ ദിനേശന്റെ കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. ദിനേശന്റെ മകന്‍ രാജശേഖരന്‍ തന്റെ മുന്‍ ഡ്രൈവര്‍ ആണെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള പണം ബാങ്ക് വഴി നല്‍കാനായിരുന്നു കരാര്‍. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ? ഞാന്‍ പണം കണ്ടിട്ടില്ല. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്. പതിനഞ്ച് പേരാണ് ഒത്തുതീര്‍പ്പിന് ഉണ്ടായത്. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ടി തോമസ് പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. പണമിടപാട് സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ഓടിരക്ഷപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എം.എല്‍.എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അടക്കം രണ്ടു പേരെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.