കര്‍ഷക ബില്ലിന് എതിരായ രോഷം തിളച്ചുപൊങ്ങുന്ന പഞ്ചാബ്. ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകരെ നേരില്‍ കണ്ടും അവരുമായി ഇടപഴകിയും രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണം കോണ്‍ഗ്രസിന് ഗുണപരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുതലും കൃത്യതയുമുള്ള വാദങ്ങളിലൂടെ എതിരാളികളെ പ്രകോപിപ്പിക്കുന്ന ശൈലിയാണ് രാഹുല്‍ഗാന്ധി ഉപയോഗിക്കുന്നത്.
ശക്തനായ ഒരു പ്രധാനമന്ത്രിയ്‌ക്ക് എതി രെ നില്‍ക്കാന്‍ ഒട്ടും പോന്നയാളല്ല രാഹുല്‍ ഗാന്ധി എന്ന നേതാവെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം അവരുടെ നേതാവില്‍ നിന്ന് തുടങ്ങുന്നുവെന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഹസ്രത് സംഭവവും കാര്‍ഷിക ബില്ലും കേന്ദ്രസര്‍ക്കാരിന് എതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങളായി ഉപയോഗിക്കാന്‍ രാഹുലിന് കഴിഞ്ഞു.
ജിഎസ്‌ടിയെ `ഗബ്ബര്‍ സിംഗ് ടാക്‌സ്’ എന്നാ ണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. `ഷോലെ’ സിനിമയിലെ കൊള്ളക്കാരനായ ഗബ്ബര്‍ സിംഗിനെ പോലെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് പുതിയ നികുതി സമ്പ്രദായത്തിലൂ ടെ ചെയ്യുുന്നതെന്ന് അര്‍ത്ഥം. ജിഎസ്‌ടി നടപ്പിലാക്കുന്നതിന്റെ ആശയക്കുഴപ്പങ്ങള്‍ക്കും അമിത നികുതിയ്‌ക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സമയത്താണ് രാഹുല്‍ കുറിക്കുകൊള്ളുന്ന ഈ പ്രയോഗം ആവര്‍ത്തിച്ചത്.
ഗോലിയാത്തിന്റെ അമിതമായ ആത്മവിശ്വാസത്തെയാണ് ദാവീദ് വെറും കവണയ്‌ക്ക് എറിഞ്ഞുവീഴ്‌ത്തിയതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും കാണാം അത്തരമൊരു ദ്വന്ദ്വത്തിന്റെ നിഴല്‍പാടുകള്‍. അതിശക്തനായ ഭരണാധികാരിയായ നരേന്ദ്ര മോദി എന്ന ഗോലിയാത്തിന്റെ അമിതമായ ആത്മവിശ്വാസവും ഏകപക്ഷീയമായ നിലപാടുകളും തന്നെയാണ് രാഹുല്‍ എന്ന ദാവീദിന് ശക്തി പകരുന്നത്. മോദിയുടെ വീഴ്‌ചകള്‍, അല്ലെങ്കില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് പ്രതികൂലമായതെന്ന് കരുന്ന അദ്ദേഹത്തിന്റെ നടപടികള്‍ ആണ് രാഹുലിന്റെ നീക്കങ്ങളെ ബലപ്പെടുത്തുന്നത്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങളായി സര്‍ക്കാര്‍ നയങ്ങളെ തന്നെ ഉപയോഗിക്കാമെന്ന ലളിതമായ തിരിച്ചറിവാണ് രാഹുലിന്റെ നിലപാടിന് പിന്നില്‍.
നോട്ട് നിരോധനം ഗ്രാമീണരുടെ ദൈ നംദിന ജീവിതത്തെ തന്നെ ബാധിച്ചുവെങ്കില്‍ കാര്‍ഷിക ബില്ല് ഉയര്‍ത്തുന്ന ഭീതിയും മിനിമം കൂലി സംബന്ധിച്ച ആശങ്കയും അവരുടെ ജീവിതത്തെ അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിട്ടത്. കാര്‍ഷിക വിളകളുടെ വിലയിലെ അനിയന്ത്രിതമായ ചാഞ്ചാട്ടം മൂലം ഭാവിയെ കുറിച്ചുള്ള ആശങ്കയാണ് ഇന്ന് അവരെ ഭരിക്കുന്നത്. തങ്ങളുടെ ഇന്നത്തെ അധ്വാനത്തി ന് നാളെ ഫലം കിട്ടുമോയെന്നറിയാത്ത വി ധം ഭക്ഷ്യവിലയിലെ ചാഞ്ചാട്ടം അവരെ അനിശ്ചിതത്വത്തിലാഴ്‌ത്തിയിരിക്കുന്നു. അതിനിടെയാണ് കോര്‍പ്പറേറ്റുകള്‍ തങ്ങളെ വിഴുങ്ങുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുന്നത്. ഇതിനെ മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷകളൊന്നും സര്‍ക്കാര്‍ നല്‍കാത്തിടത്തോളം അധികാരികളെ അവര്‍ എങ്ങനെ വിശ്വസിക്കും? ഈ അവിശ്വാസം തന്നെയാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തുറപ്പു ചീട്ട് ആകേണ്ടത്.