യൂണിവേഴ്‌സിറ്റികളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കണമെന്ന് യുജിസി നിര്‍ദ്ദേശം. ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള മെരിറ്റ് – പ്രവേശന പരീക്ഷ നടപടികള്‍ ഒക്ടോബറില്‍ പൂര്‍ത്തികരിച്ച് 2020-21 അദ്ധ്യയന വര്‍ഷം നവംബര്‍ ഒന്നിന് ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം യുജിസി നല്‍കിയിട്ടുണ്ട് – എഎന്‍ഐ റിപ്പോര്‍ട്ട്. യോഗ്യതാ പരീക്ഷകളുടെ ഫലം പ്രസിദ്ധികരിക്കപ്പെടുന്നതില്‍ കാലതാമസമുണ്ടാകുന്നുവെങ്കില്‍ പുതിയ അദ്ധ്യയന വര്‍ഷം നവംബര്‍ 18 ന് തുടങ്ങണമെന്ന നിര്‍ദ്ദേശവും യുജിസി മുന്നോട്ടുവച്ചിട്ടുണ്ട്.
കോവിഡ്- 19 വ്യാപന സാഹചര്യത്തില്‍ 2020-21 യുജി- പിജി അദ്ധ്യയന വര്‍ഷ പ്രവേശന – പരീക്ഷ കലണ്ടര്‍ യുജിസി പ്രസിദ്ധികരിച്ചിട്ടുണ്ട് – കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയല്‍ ട്വിറ്ററില്‍ കുറിച്ചു. യുജിസി മാര്‍ഗരേഖ പ്രകാരം നവംബര്‍ 31ആണ് സീറ്റുകളിലേക്കുള്ള പ്രവേശന അവസാന തിയ്യതി. പ്രവേശന – ക്ലാസ് – പരീക്ഷ സംബന്ധിച്ച മാര്‍ഗ്ഗരേഖ യൂണിവേഴ്‌സിറ്റികളും ഉന്നത വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയുട്ടുകളും നിര്‍ബ്ബന്ധമായും പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് യുജിസിയുടേത്.