നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സാക്ഷികള്‍ കൂറുമാറുന്നത് തുടരുകയാണ്. ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയുമാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കൂറുമാറിയത്. നേരത്തെ ബിന്ദു പണിക്കര്‍, ഇടവേള ബാബു എന്നിവരും നടിക്കെതിരായും ആരോപണ വിധേയനായ ദിലീപിന് അനുകൂലമായും കൂറുമാറിയിരുന്നു. കോളിളക്കം സൃഷ്‌ടിച്ച പീഡന കേസില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ സിനിമാലോകം തയാറല്ലെന്നാണ് സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം നല്‍കുന്ന സൂചന.
താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ദിലീപും ആക്രമണത്തിന് വിധേയയായ നടിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നുവെന്ന മൊഴിയാണ് സിദ്ധിഖും ഭാമയും മാറ്റിയത്. കോടതിയില്‍ ഈ മൊഴിയില്‍ ഉറച്ചുനില്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
താരസംഘടനയായ അമ്മ ഇരയാക്കപ്പെട്ട നടിയ്‌ക്കൊപ്പമല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതായിരുന്നു ഏതാനും മാസം മുമ്പത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ കൂറുമാറ്റം. ദീലിപ് സിനിമയില്‍ തനിക്കുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഭാവന സംഘടനയില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് രേഖാമൂലം ആയിരുന്നില്ലെന്നും നേരത്തെ അമ്മ അറിയിച്ചിരുന്നതാണ്. ഇക്കാര്യം ഇടവേള ബാബു പൊലീസിനോട് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് മലക്കംമറിഞ്ഞ അമ്മ സെക്രട്ടറി നടി പരാതി നല്‍കിയതായി തനിക്ക് ഓര്‍മയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. ദിലീപും നടിയില്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ദിലീപിന് അനുകൂലമായി മാറ്റിയാണ് നടി ബിന്ദു പണിക്കരും കൂറുമാറിയത്.
സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന പശ്ചാത്തലത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കുക എന്ന അത്യപൂര്‍വമായ ഒരു കേസില്‍ പ്രതിയായ ദിലീപിന് തുടക്കം മുതലേ സിനിമാലോകം പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കിയത് ഈ രംഗത്തുള്ളവരുടെ ധാര്‍മികമായ നിലവാരത്തെയാണ് ചോദ്യമുനയിലാക്കിയത്. ദിലീപിനെ അനുകൂലിച്ച് മാധ്യമപ്രവര്‍ത്തകരുമായി പരസ്യമായി ഏറ്റുമുട്ടാന്‍ പോലും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അമ്മയിലെ തലമുതിര്‍ന്ന അംഗങ്ങള്‍ തയാറായിരുന്നു. എത്ര കൊടിയ ആരോപണമാണെങ്കിലും തങ്ങള്‍ക്ക് കൈവിടാന്‍ സാധിക്കുന്ന ഒരു വ്യക്തിയല്ല ദിലീപ് എന്ന് അവര്‍ ഇത്തരം നിലപാടിലൂടെ ആവര്‍ത്തിച്ചു വ്യക്തമാക്കുകയായിരുന്നു. ദിലീപിനെ പോലൊരാളെ സംരക്ഷിക്കുകയും ആരോപണങ്ങളില്‍ നിന്ന് പ്രതിരോധിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത് സിനിമാ രംഗത്തെ പലരുടെയും വ്യക്തിപരമായ ആവശ്യം കൂടിയാണെന്നാണ് അവരുടെ ആവര്‍ത്തിച്ചുള്ള നിലപാടുകളും അതിര് വിട്ട പരാമര്‍ശങ്ങളും തെളിയിക്കുന്നത്. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അമ്മയില്‍ നിന്ന് പുറത്താക്കിയെങ്കിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം പൂര്‍വാധികം ശക്തനായാണ് സംഘടനയില്‍ തിരിച്ചെത്തിയത്. അദ്ദേഹത്തിനെതിരെ നിലപാടെടുത്ത ചില യുവനടന്‍മാര്‍ പിന്നീട് പിന്നോക്കം പോവുകയും ചെയ്തു.
അതിനീചമായ ഒരു സംഭവത്തിന് കാരണക്കാരനെന്ന് പൊലീസ് ആരോപിക്കുന്നയാളാണ് ദിലീപ്. സംഭവത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കോടതി വിധി വരുന്നതു വരെ ഏതൊരു കേസിലും പ്രതി ആരോപണവിധേയന്‍ മാത്രമാണെന്നത് ശരിയാണെങ്കിലും അതിക്രൂരമായ പീഡനത്തിന് ഇരയായ നടിക്ക് പിന്തുണ നല്‍കാന്‍ തയാറാകാതിരിക്കുകയും അവസരം കിട്ടുമ്പോഴൊക്കെ ഇരയെ താറടിച്ചു കാണിക്കുകയും ചെയ്യുന്ന ചില സിനിമാപ്രവര്‍ത്തകരുടെ വികലമായ മനോഭാവം അവരെ ആരാധിക്കുന്ന സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ്.
നടിയുടെ അടുത്ത കൂട്ടുകാരിയായിരുന്ന ഭാമ കൂറുമാറിയത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാനാകില്ലെന്നുമാണ് നടിയും സംവിധായികയുമായ രേവതി പ്രതികരിച്ചത്. നക്ഷത്രങ്ങളുടെ തിളക്കം വെള്ളിത്തിരയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അവരില്‍ പലരും യാതൊരു തിളക്കവുമില്ലാത്ത കരിക്കട്ടകള്‍ പോലെ കറുത്ത മനസിന് ഉടമകളാണെന്നുമാണ് നടിയ്‌ക്കൊപ്പം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നവരുടെ ഇത്തരം സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നത്.


















