മുംബൈ: ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന് താഴെ ക്ലോസ് ചെയ്‌തു. ഇത് തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക് ദുര്‍ബലമായി തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
സെന്‍സെക്‌സ് 52 പോയിന്റ് ഇടിഞ്ഞ് 38,365.35 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെ വിപണി ഉയര്‍ന്നെങ്കിലും പിന്നീടുള്ള ചാഞ്ചാട്ടം നഷ്‌ടത്തിലേക്ക് നയിക്കുകയായിരുന്നു.
നിഫ്‌റ്റി 37 പോയിന്റ് ഇടിഞ്ഞ് 11,317.40 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11,437 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് 150 പോയിന്റോളം ഇടിഞ്ഞു. 11291 പോയിന്റ് ആണ് നിഫ്‌റ്റിയുടെ ഇന്നത്തെ താഴ്‌ന്ന നില.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 13 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 37 ഓഹരികള്‍ ഇടിവ് നേരിട്ടു. ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, വിപ്രോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ബിപിസിഎല്‍ 2.75 ശതമാനം ഉയര്‍ന്നു. ഐടി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മറ്റ് മേഖലകളില്‍ ഇടിവ് ദൃശ്യമായിരുന്നു.
ഇന്‍ഫ്രാടെല്‍, സീ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. ഇന്‍ഫ്രാടെല്‍ 8.14 ശതമാനം ഇടിഞ്ഞു. സീ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ മൂന്ന്‌് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.
മെറ്റല്‍ ഓഹരികളില്‍ ശക്തമായ ഇടിവ് ദൃശ്യമായി. നിഫ്‌റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ജിന്‍ഡാല്‍ സ്റ്റീല്‍, സെയില്‍, എന്‍എംഡിസി, നാഷണല്‍ അലൂമിനിയം എന്നീ ഓഹരികള്‍ നാല് ശതമാനത്തിലേറെ ഇടിഞ്ഞു.