ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനപടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് ശര്‍മ്മയ്ക്ക് കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസമാണ് നോയിഡയിലെ ആശുപത്രിയില്‍ മേഘ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയ്ക്കും കുഞ്ഞിനും സുഖമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടുത്ത ദുഃഖത്തില്‍ നിന്ന് കരകയറാനുള്ള പ്രതീക്ഷയാണ് കുഞ്ഞിന്റെ ജനനമെന്ന് അഖിലേഷിന്റെ പിതാവ് തുളസി റാം ശര്‍മ്മ പറഞ്ഞു.
ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനപകടത്തില്‍ അഖിലേഷ് മരിച്ചത്. കുഞ്ഞ് പിറക്കുന്ന സമയങ്ങളില്‍ ഭാര്യയ്ക്കും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനായി അഖിലേഷ് ലീവുകള്‍ എടുക്കാതെ ജോലി ചെയ്യുകയായിരുന്നു. ഓഗസ്റ്റ് 21 മുതല്‍ പതിനഞ്ചു ദിവസത്തേക്ക് ലീവ് എടുക്കാനായിരുന്നു പ്ലാന്‍ ചെയ്തത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കരിപ്പൂരെത്തി വിളിക്കാമെന്നുമാണ് അഖിലേഷ് അവസാനമായി ഭാര്യയോട് പറഞ്ഞത്.
ഭാര്യ മേഘയും അഖിലേഷും ഒരുമിച്ചായിരുന്നെങ്കിലും പ്രസവമടുത്തപ്പോള്‍ മേഘ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. അഖിലേഷിന്റെ മരണവിവരം മേഘയെ അറിയിക്കുന്നത് സംസ്‌കാരത്തിന് മുന്‍പായിരുന്നു. മഹാരാഷ്ട്രയിലെ ഓക്‌സ്ഫര്‍ഡ് ഏവിയേഷന്‍ അക്കാദമിയില്‍ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഗള്‍ഫിലെ പ്രവാസികളുമായി കോഴിക്കോട്ടേയ്ക്ക് എത്തിയ ആദ്യ വന്ദേ ഭാരത് ദൗത്യവിമാനത്തിന്റെ സഹവൈമാനികന്‍ കൂടിയായിരുന്നു അഖിലേഷ് കുമാര്‍. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്ന അഖിലേഷ് അടക്കമുളളവരെ അന്ന് കൈയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്.