കെ.അരവിന്ദ്
നിഫ്‌റ്റി 11,377 പോയിന്റിലെ പ്രതിരോധം വളരെ വ്യക്തമായി ഭേദിച്ചു. ഇതോടെ വിപണി പുതിയ ഉയരത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. മാര്‍ച്ചില്‍ രൂപം കൊണ്ട ബെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ബുള്‍ മാര്‍ക്കറ്റിലേക്ക് തിരികെ കയറാന്‍ മാസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അതേ സമയം വിപണിയുടെ മുന്നോട്ടുള്ള ഗതിയില്‍ ഇടക്കാല സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. 11,800ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. ധനലഭ്യത തന്നെയാണ് വിപണിയെ പ്രധാനമായും മുന്നോട്ടു നയിക്കുന്നത്. ലോക്‌ഡൗണിന് കൂടുതല്‍ സ്ഥലങ്ങളില്‍ അയവ് വരുന്നതോടെ ബിസിനസ് മെച്ചപ്പെടുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്.
പ്രധാനമായും ഓട്ടോമൊബൈല്‍, ബാങ്കിങ് മേഖലകളാണ് കഴിഞ്ഞയാഴ്‌ച വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. കോവിഡിനെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുമ്പോള്‍ പൊതുഗതാഗതം ഒഴിവാക്കാനാണ് ആളുകള്‍ പൊതുവെ താല്‍പ്പര്യപ്പെടുന്നതെന്നിരിക്കെ ഇരുചക്ര വാഹനങ്ങള്‍ക്കും എന്‍ട്രി ലെവല്‍ കാറുകള്‍ക്കും ഡിമാന്റ് വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഓട്ടോമൊബൈല്‍ ഓഹരികളുടെ കുതിപ്പിന് വഴിവെച്ചത്. ഇരുചക്ര വാഹനങ്ങളുടെയും എന്‍ട്രി ലെവല്‍ കാറുകളുടെയും ജിഎസ്‌ടി കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഈ ഓഹരികള്‍ക്ക് ഗുണകരമായി. അടുത്തയാഴ്‌ച ഓഗസ്റ്റിലെ വാഹന വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കുകയാണ്.
മൊറട്ടോറിയം കരുതിയതു പോലെ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതാണ് ഈ മേഖലയിലെ ഓഹരികള്‍ മുന്നേറാന്‍ കാരണമായത്. മുന്‍നിര ബാങ്കുകളുടെ വായ്‌പകളുടെ പത്ത് ശതമാനം മാത്രമേ മൊറട്ടോറിയത്തിന് കീഴിലേക്ക് വന്നിട്ടുള്ളൂ. ലോക്‌ഡൗണിന് കൂടുതല്‍ സ്ഥലങ്ങളില്‍ അയവ് വരുന്നതോടെ ബിസിനസ് മെച്ചപ്പെടുമെന്നും അത് വായ്‌പകളുടെ തിരിച്ചടവ് കൂടാമനും സഹായകമാകുമെന്ന പ്രതീക്ഷയും ബാങ്കിങ് ഓഹരികളെ തുണച്ചു.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ നിക്ഷേപമാണ് കഴിഞ്ഞ വാരം നടത്തിയത്. പ്രതിദിനം 1000 കോടി രൂപ ശരാശരി നിക്ഷേപം നടത്തി. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ കുറഞ്ഞ വില്‍പ്പന മാത്രമേ നടത്തിയുള്ളൂ.
ആഗോള സൂചനകളും അനുകൂലമായിരുന്നു. സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള യുഎസ് ഫെഡ് റിസര്‍വിന്റെ നയം മാറ്റം വിപണി ഉള്‍ക്കൊണ്ടു. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തുമെന്നതിനെ പറ്റിയുള്ള ആശങ്കകളും വിപണി കാര്യമാക്കുന്നില്ല.
അടുത്തയാഴ്‌ചയും നിക്ഷേപ പ്രവാഹം തുടര്‍ന്നേക്കും. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യത. ബാങ്കുകളും ഓട്ടോ ഓഹരികളും തന്നെയാകാം അടുത്തയാഴ്‌ചയും മുന്നേറ്റം നടത്തുന്നത്. ടെലികോം കമ്പനികളുടെ എജിആര്‍ സംബന്ധിച്ച സുപ്രിം കോടതി വിധി അടുത്തയാഴ്‌ച ഉണ്ടാകുമെന്നാണ് കരുതുന്നത്. അത് പോസിറ്റീവ് ആകാനാണ് സാധ്യതയെന്ന പ്രതീക്ഷയിലാണ് വിപണി. 11,800ല്‍ വിപണിക്ക് ചെറിയ സമ്മര്‍ദം പ്രതീക്ഷിക്കുന്നു.