കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപന (ഇഐഎ)ത്തിലെ നിര്‍ദേശങ്ങളോടുള്ള പ്രതികരണം അറിയിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്.
കേരളം പോലെ പരിസ്ഥിതി ലോലമായ ഒരു പ്രദേശത്തെ ഗുരുതരമായി ബാധിക്കുന്ന ഇഐഎ വിജ്ഞാപനത്തോട് പ്രതികരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപോക്ക് സമീപനം സ്വീകരിക്കുന്നു എന്ന വിമര്‍ശനം നേരത്തെ വ്യാപകമായി ഉയര്‍ന്നിരുന്നു.
ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിര്‍ദേശങ്ങളാണ് നമ്മുടെ രാജ്യത്തെ പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയിരിക്കുന്ന ഇഐഎയിലുള്ളത്. അഞ്ച് ഹെക്‌ടറില്‍ താഴെയുള്ള ക്വാറികളില്‍ പാറപൊട്ടിക്കാന്‍ പാരിസ്ഥിതിക ക്ലിയറന്‍സ് ആവശ്യമില്ലെന്ന നിര്‍ദേശം ഉദാഹരണം. ഈ നിര്‍ദേശത്തോടുള്ള വിയോജിപ്പ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ഹെക്‌ടര്‍ എന്നത് രണ്ട് ഹെക്‌ടറാക്കി മാറ്റുക എന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.
കോവിഡ്-19 സൃഷ്‌ടിച്ച ഭീതിയുടെയും ആശയകുഴപ്പത്തിന്റെയും അങ്കലാപ്പിന്റെയും മറവില്‍ പ്രത്യക്ഷത്തില്‍ തന്നെ പരിസ്ഥിതി വിരുദ്ധമെന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടികാട്ടുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ലഘൂകരിച്ചതും കോവിഡ്-19 സൃഷ്‌ടിച്ച ഭീതിയുടെ മറവിലായിരുന്നു. തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തത്. ആശങ്കയും ഭീതിയും നിലനില്‍ക്കുന്നതിന്റെ മറവില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ രീതി വിമര്‍ശിക്കപ്പെടേണ്ടതാണ്.
തീവ്ര വികസനവാദമാണ് പരിസ്ഥിതി, തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുന്നത്. കൂടുതല്‍ നിര്‍മാണ, ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് വഴിയൊരുക്കാനായാണ് പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതെങ്കില്‍ തൊഴിലുടമകളെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നത്. ഇത് രണ്ടും ആത്യന്തികമായി വികസനത്തിന് തന്നെ ദോഷം ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം.
തീവ്ര വികസനത്തിന്റെ ദോഷങ്ങള്‍ ഏറ്റവും പ്രത്യക്ഷമായ രാജ്യങ്ങളിലൊന്നാണ് നമ്മുടെ അയല്‍ക്കാരായ ചൈന. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുന്ന സാമ്പത്തിക ശക്തിയായ, ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈനയില്‍ പരിസ്ഥിതി നിയമങ്ങള്‍ ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ശക്തമല്ല. തീവ്ര വികസനത്തിനു വേണ്ടി പരിസ്ഥിതിയെ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നതില്‍ അശ്രദ്ധ പുലര്‍ത്തുന്ന ചൈനയില്‍ മലിനീകരണത്തിന്റെ തോത് വളരെ ഉയര്‍ന്നതാണ്. ചില സമയങ്ങളില്‍ ചൈനയിലെ ജനങ്ങള്‍ ശുദ്ധവായുവിനായി ഓക്‌സിജന്‍ കാനുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് അവിടത്തെ പരിസ്ഥിതി മലിനീകരണം എത്രത്തോളം കടുത്തതാണെന്നാണ് വ്യക്തമാക്കുന്നത്.
മലിനീകരണ തോത് നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന് ബോധ്യപ്പെട്ട ചൈനീസ് സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍ കര്‍ശനമാക്കുകയാണ് ഇപ്പോള്‍. ഇത് മൂലം തഴച്ചുവളര്‍ന്നിരുന്ന ചൈനയിലെ കെമിക്കല്‍ വ്യവസായം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. മലിനീകരണം കുറയ്‌ക്കാനായി ഒട്ടേറെ കെമിക്കല്‍ പ്ലാന്റുകളാണ് ചൈനയില്‍ അടച്ചുപൂട്ടിയത്. കോവിഡ് കാലത്തും അടച്ചുപൂട്ടല്‍ തുടരുന്നു. വികസനത്തിനു വേണ്ടി പരിസ്ഥിതിയെ അവഗണിച്ച ചൈന ഇപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമ്പോള്‍ പുനര്‍വിചിന്തനത്തിന് നിര്‍ബന്ധിതമായിരിക്കുന്നു.
തീവ്രവികസന നയം നടപ്പിലാക്കാന്‍ ഒരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ ഈ അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേതുണ്ട്. പരിസ്ഥിതിയെ മറന്നുള്ള വികസനത്തിന് ഒരു ഘട്ടം കഴിഞ്ഞാല്‍ നിലനില്‍ക്കുക പ്രയാസകരമാകും. പരിസ്ഥിതി സംരക്ഷണവും വികസനവും ഏകോപിപ്പിക്കുന്ന ശാസ്‌ത്രീയമായ രീതി പിന്തുടരുന്ന വികസിത രാജ്യങ്ങളെയാണ് നാം മാതൃകയാക്കേണ്ടത്.