മുംബൈ: മുംബൈയില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് നലസൊപാര റെയില്‍വേ സ്റ്റേഷനിലെ ട്രെയിന്‍ ഗതാഗതം തടഞ്ഞ് ബസ് യാത്രക്കാര്‍. നൂറു കണക്കിനാളുകളാണ് റെയില്‍വേ സ്‌റ്റേഷനകത്തും പുറത്തുമായി പ്രതിഷേധം നടത്തിയത്.
കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ കൂട്ടം കൂടിയുളള പ്രതിഷേധം നടന്നത്. ഇന്ന് രാവിലെ മുതലാണ് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. അവശ്യസേവന വിഭാഗത്തിലെ ട്രെയിനാണ് യാത്രക്കാര്‍ തടഞ്ഞത്. ആളുകളുകള്‍ റെയില്‍വേ ട്രാക്കുകളില്‍ ഇറങ്ങിയും പ്രതിഷേധം നടത്തി. റെയില്‍വേ പോലീസ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.
അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസമാണ് മുംബൈയില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ മേഖലകളിലെ ജീവനക്കാരുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ തന്നെ പ്രാദേശിക ട്രെയിനുകളിലും ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുളളത്.
മുംബൈ, താനെ, റായ്ഗഡ് എന്നിവടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. അതുകൊണ്ട് തന്നെ ഇവിടങ്ങളില്‍ പ്രദേശിക ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലകളില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ആളുകള്‍ പ്രതിഷേധത്തിനിറങ്ങിയത്.