കോണ്‍ഗ്രസില്‍ നിന്നും യുവതുര്‍ക്കികള്‍ പോയതു കൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കാനില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അല്ലെങ്കിലും ഇനി കോണ്‍ഗ്രസിന് എന്തു സംഭവിക്കാനാണ്? രാഹുല്‍ ഗാന്ധി പ്രസിഡന്റായും അല്ലാതെയുമെല്ലാം നേതൃത്വം നല്‍കിയ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷം കൊണ്ട് ഒരു ദേശീയ പാര്‍ട്ടിക്ക് തകരാവുന്നതിന്റെയും താഴാവുന്നതിന്റെയും പരകോടി കണ്ടു. ഇനി ആ പാര്‍ട്ടിയില്‍ നിന്ന് ആര് പോയാലെന്ത് എന്നൊരു തോന്നല്‍ രാഹുല്‍ ഗാന്ധിക്ക് ഉണ്ടായാല്‍ കുറ്റം പറയാനാകില്ല.
യുവാക്കളും അല്ലാത്തതുമായ നേതാക്കള്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ടു പോകുന്നതെന്നും പതിറ്റാണ്ടുകളായി പാര്‍ട്ടിക്കൊപ്പം നിന്നവര്‍ക്ക് എങ്ങനെ വിട്ടുപോകാന്‍ സാധിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആലോചിച്ചിട്ടുണ്ടോ? മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന്റെയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്‌താവന. ജ്യോതിരാദിത്യ സിന്ധ്യ മിക്കവാറും ബിജെപിയുടെ കാവികുപ്പായത്തിന് ചേര്‍ന്ന സവര്‍ണാധിപത്യ മനോഭാവം അലങ്കാരമായി കൊണ്ടു നടന്നിരുന്നയാളാണ്. അയാള്‍ ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക്
പോയതില്‍ വലിയ അത്ഭുതമൊന്നുമില്ല. പക്ഷേ സച്ചിന്‍ പൈലറ്റിന്റെ കാര്യം അങ്ങനെയല്ല.
കോണ്‍ഗ്രസിന്റെ മതേതരത്വത്തെ ഒരിക്കലും തള്ളിക്കളയാന്‍ തയാറല്ലായിരുന്ന രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന്‍ പൈലറ്റ്. സച്ചിന്റെ കുടുംബ ജീവിതത്തില്‍ തന്നെ മതേതരത്വത്തിന്റെ അടയാളങ്ങളുണ്ട്. നാഷണൽ കോൺഫ്രൻസ് നേതാവ് ഫറുഖ് അബ്‌ദുള്ളയുടെ മകള്‍ സാറയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും ചേരാത്ത നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിന്റെ ഫലമായുണ്ടായ എല്ലാ യാതനകളും നേരിട്ട് അനുഭവിക്കുന്ന തന്റെ ഭാര്യാകുടുംബത്തില്‍ നിന്നാണ് ബിജെപിക്കൊപ്പം ചേരാന്‍ സച്ചിന്‍ ആദ്യം അനുവാദം തേടേണ്ടത്. അങ്ങനെയൊരു നേതാവിനെതിരെയാണ് ബിജെപിക്കൊപ്പം പോകുന്നതിന് ശ്രമിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ഏറ്റവും കൂടുതല്‍ പോയത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. പക്ഷേ ആ പോക്കിന് ആദര്‍ശത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യ പ്രവണതയെ ചോദ്യം ചെയ്‌താണ് എഴുപതുകളില്‍ ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. അതേ സമയം ഇപ്പോള്‍ നേതാക്കള്‍ ഒന്നിനു പിറകെ ഒന്നായി കോണ്‍ഗ്രസ് വിടുന്നത് സമഗ്രാധിപത്യത്തിന്റെ ആള്‍രൂപങ്ങളായ മോദിയും അമിത് ഷായും നയിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമ്പോഴാണ്. അവരുടെ സമഗ്രാധിപത്യ പ്രവണതകളിലേക്കാണ് അധികാരകൊതി മൂലം നേതാക്കള്‍ കാന്തം പോലെ ആകര്‍ഷിക്കപ്പെടുന്നതെന്നത് തികഞ്ഞ വിധിവൈപരീത്യമാണ്.
യുവതുര്‍ക്കികള്‍ പോയാല്‍ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെങ്കിലും ജനപിന്തുണയില്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് അതിജീവിക്കാനാകുക? നഷ്‌ടപ്പെട്ടു പോയ ജനപിന്തുണ ആര്‍ജിക്കാന്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കള്‍ എന്താണ് ചെയ്‌തത്? ലോക് ഡൗണ്‍ കാലത്ത് കോടികണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുമ്പോള്‍ പ്രസ്‌താവനകളിലും ഫോട്ടോയെടുപ്പിലും അഭിമുഖങ്ങളിലും ഒതുങ്ങിനിന്ന രാഹുല്‍ഗാന്ധിക്ക് ഈ ജനകീയ പ്രശ്‌നം തന്റെ പാര്‍ട്ടിയുടെ തളര്‍ന്നുപോയ സിരകളിലേക്ക് ജനപിന്തുണയുടെ പുതുരക്തം ഒഴുക്കിവിടുന്നതിനുള്ള അവസരമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. ജനങ്ങളുടെ പ്രശ്‌നം അതിന്റെ അടിത്തട്ടിലേക്കിറങ്ങി കൈകാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കുമ്പോള്‍ മാത്രമേ പാര്‍ട്ടികള്‍ക്ക് ജനപിന്തുണ കൈവരിക്കാനാകൂ. പാര്‍ട്ടി യന്ത്രത്തിന്റെ കാര്യക്ഷമത ഉയര്‍ത്തുന്നതിന് ജനകീയതയുടെ ഇന്ധനം എങ്ങനെ ഉപയോഗിക്കണമെന്ന് തിരിച്ചറിയാത്ത നേതാക്കള്‍ക്ക് കീഴില്‍ ഒരു പാര്‍ട്ടിഅനുദിനം മെലിഞ്ഞുവരുന്നതില്‍ അത്ഭുതമില്ല.ഇങ്ങിനെ പോയാൽ അരിവാൾ പോലെ, കൈപ്പത്തിയും ഇന്ത്യയിൽ കേരളത്തിൽ മാത്രമുള്ള ഒരു പ്രതിഭാസമാകാൻ വലിയ താമസം വേണ്ട


















