അബുദാബിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധമാക്കിയ റാപ്പിഡ് കോവിഡ് -19 ലേസര്‍ ടെസ്റ്റിന് ഇനി വെബ്സൈറ്റ് വഴി അപ്പോയിന്‍മെന്‍റ് എടുക്കണം. https://ghantoot.quantlase.com/appointment/update-details/എന്ന സൈറ്റ് വഴിയാണ് അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. ലേസര്‍ അധിഷ്ഠിത ഡി.പി.ഐ സ്‌ക്രീനിംഗ് റിസല്‍ട്ടോടു കൂടി എമിറേറ്റിലേക്ക് പ്രവേശിക്കണമെന്ന് നിര്‍ബന്ധമാക്കിയതിനു ശേഷം ടെസ്റ്റിന് തിരക്ക് കൂടിയതാണ് മാറ്റത്തിനു കാരണമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ബുധനാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് (പിസിആര്‍) ഫലമുള്ള യാത്രക്കാര്‍ക്ക് ഫലം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ എമിറേറ്റിലേക്ക് പ്രവേശിക്കാം. വെബ്സൈറ്റ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്തതു പ്രകാരം സ്‌ക്രീനിംഗ് നിശ്ചയിക്കാനാണ് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സേവന ദാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.അബുദാബി-ദുബായ് ഹൈവേയിലെ ഗാന്‍ടൂട്ട് ചെക്ക് പോയിന്‍റിന് മുന്‍പായി ഷെയ്ഖ് സായിദ് റോഡില്‍ ലാസ്റ്റ് എക്സിറ്റിന് സമീപമുള്ള ടെന്‍റിലാണ് പരിശോധന നടക്കുന്നത്. ഒരു വ്യക്തിക്ക് 50 ദിര്‍ഹമാണ് പരിശോധന നിരക്ക്. നിമിഷങ്ങള്‍ക്കുള്ളില്‍ ഫലം ലഭ്യമാകുന്ന സ്‌ക്രീനിംഗ് സൗകര്യത്തിന് ധാരാളം ആളുകള്‍ ബന്ധപ്പെട്ടതോടെ ബുധനാഴ്ച പരിശോധന ഉദ്യോഗസ്ഥര്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഇന്‍റെര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ (ഐഎച്ച്‌സി) മെഡിക്കല്‍ വിഭാഗമായ ക്വാണ്ട്‌ലേസ് ഇമേജിംഗ് ലാബാണ് ലേസര്‍ പരിശോധന വികസിപ്പിച്ചത്. ഡിഫ്രാക്റ്റീവ് ഫേസ് ഇന്‍റര്‍ഫെറോമെട്രി (ഡിപിഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് രക്തത്തിലെ സാന്നിധ്യം പരിശോധന തിരിച്ചറിയുന്നു. ഒരു വ്യക്തി കോവിഡ് -19 പോസിറ്റീവ് ആവുകയാണെങ്കില്‍, ഫലം സ്ഥിരീകരിക്കുന്നതിന് സാധാരണ പിസിആര്‍ പരിശോധനയും നടത്തണം. വര്‍ദ്ധിച്ച ലേസര്‍ പരിശോധനകള്‍ക്കുള്ള ആവശ്യം നിറവേറ്റുന്നതിനായി ഐഎച്ച്സി ഉടന്‍ തന്നെ അധിക സ്‌ക്രീനിംഗ് സെന്‍റെറുകളോ ടെന്‍റുകളോ സാധ്യമാക്കുമെന്നും സൂചനയുണ്ട്.