ബലിപെരുന്നാള്‍ നിസ്ക്കാരം ഈദുഗാഹുകളില്‍ വെച്ച് നടത്തരുതെന്നും ജുമുഅ നിര്‍വ്വഹിക്കപ്പെടുന്ന പള്ളികളില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുല്‍ ലത്തീഫ് ബിന്‍ ആല്‍ ഷെയ്ഖ് ഉത്തരവിട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
“നിലവില്‍ രാജ്യം ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ തുറസ്സായ സ്ഥലത്ത് ഈദ് ഗാഹുകള്‍ ഒരുക്കുന്നത് ഒഴിവാക്കണ൦, ജുമുഅ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്ന പള്ളികളില്‍ മാത്രം പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ മതി, മതകാര്യ മന്ത്രാലയത്തിന്‍റെ ബ്രാഞ്ച് ഓഫീസുകള്‍ മുഖേന എല്ലാ പള്ളി, ഇമാം ഖത്തീബ് എന്നിവര്‍ക്ക് മന്ത്രാലയം സന്ദേശം നൽകിയതായി സൗദി വാർത്ത ഏജൻസി എസ്. പി. എ റിപ്പോർട്ട് ചെയ്തു”
നാലു ദിവസം നീണ്ടു നിൽക്കുന്ന ഈദ് ഉൽ അസ്ഹ ഈ മാസം ജൂലൈ 31 ന് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് സൗദി അധികൃതർ ഘട്ടം ഘട്ടമായി മെയ് 31 മുതൽ മക്കയിലൊഴികെ രാജ്യത്തുടനീളം പള്ളികൾ തുറന്നു. ജൂൺ 21 മുതൽ മക്ക പള്ളിയും തുറന്നിരുന്നു.
കോവിഡ്-19 ന്‍റെ വ്യാപനം തടയുന്നതിന് സൗദി പള്ളികളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ട് .വ്യക്തിഗത പ്രാർത്ഥന മുസല്ലകൾ ഉപയോഗിക്കുക , പരസ്പരം 1.5 മീറ്റർ അകലം പാലിക്കുക, വീട്ടിൽ ആചാരപരമായ വുദു നടത്തുക, സംരക്ഷിത മുഖംമൂടി ധരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹസ്ത ദാനം ഒഴിവാക്കാനും വിശുദ്ധ ഖുർആൻ വായിക്കാൻ സ്മാർട്ട്‌ഫോണുകളിൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.