ന്യൂഡല്‍ഹി: കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ എടുക്കാന്‍ പുത്തന്‍ രീതികള്‍ അവതരിപ്പിച്ച് എയിംസ്. വായില്‍ വെള്ളം നിറച്ച ശേഷം അതിന്റെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മതിയാകും എന്നതാണ് എയിംസ് പരീക്ഷിച്ച പുത്തന്‍ രീതി. ഡല്‍ഹിയിലുള്ള എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഐസിഎംആര്‍ അറിയിച്ചു.
ഈ പുത്തന്‍ രീതി കോവിഡ് പരിശോധനയ്ക്കായി ശ്രവം ശേഖരിമ്പോള്‍ രോഗം വ്യാപിക്കുന്നത് തടയുന്നു. കോവിഡ്-19 ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരീക്ഷണം മതിയാകുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.
അതേസമയം, കോവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, സൈനികര്‍, കോവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആയവര്‍ എന്നിവര്‍ക്ക് ആയിരിക്കും വാക്സിന്‍ നല്‍കുക. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ ആകും ആദ്യമെത്തുക എന്നാണ് സൂചന.