റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന ആ സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂർപ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി ഒരു രാജ്യവും ജനതയും നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണം റിയാദ് ബോളിവാഡ് സിറ്റിയിലെ കൂറ്റൻ സ്ക്രീനുകളിൽ തെളിയും. അത് കാണാൻ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലു ശൈഖ് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ (ഡിസംബർ 11 മുതൽ 14 വരെ) രാജ്യവ്യാപകമായി നാല് ദിവസത്തെ ആഘോഷ പരിപാടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദിൽ ബുധനാഴ്ച രാത്രി 8.30ന് കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിൽ ആകാശത്ത് വർണവെളിച്ച വിസ്മയ ചിത്രങ്ങൾ വരക്കും ഡ്രോൺ ഷോ അരങ്ങേറും. 8.34ന് കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ട്, ബോളിവാഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ മാനത്ത് പൂത്തിരി പൊട്ടിവിരിയും, കരിമരുന്ന് പ്രയോഗവും നടക്കും.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതൽ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസൻ വാലി, റോഷൻ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന വലിയ ആഘോഷങ്ങൾ ഒരുക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളിൽ എയർ ഷോ അരങ്ങേറും. ഫിഫയുടെ 25 ആമത്തെ ലോകകപ്പ് എന്ന നിലയിൽ അസാധാരണമായ ഒരു ഇവന്റ് ആയിരിക്കും 2034ലേത്. ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും. സൗദിയിൽ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
