പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിന്റെ ഗോൾഡൻ സ്ക്രീൻ പുരസ്‌കാരത്തിന് ശ്യാം ശങ്കർ സംവിധാനം ചെയ്ത “റോളിങ്ങ് ലൈഫ്” (ഇന്ത്യ) അർഹമായി. അമ്പത്തിനായിരം രൂപയും, പ്രശസ്ത ശില്പി ശ്രി. വി. കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്.
കൂടാതെ മുരളിമങ്കര സംവിധാനം ചെയ്ത “ഇൻസൈറ്റ്” (ഇന്ത്യ), സൂരജ് ടോം സംവിധാനം ചെയ്ത “സര്ബത്” (ഇന്ത്യ) , ലോറ ബാർബയും ജോർജ് ഫോണീസും ചേർന്ന് സംവിധാനം ചെയ്ത “ഡിസ്റ്റൻസ്” (സിങ്കപ്പൂർ), അൻവർ എം. എ. സംവിധാനം ചെയ്ത ” സ്നേഹപൂർവ്വം പ്രവാസി” (ഇന്ത്യ), മുഹമ്മദ് സലേഹ് സംവിധാനം ചെയ്ത ” ഡെസ്റ്റിനേഷൻ (കുവൈറ്റ്) എന്നിവയ്ക്ക് റണ്ണേഴ് അപ്പ് അവാർഡും ലഭിച്ചു.
ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂരിന്റെ അധ്യക്ഷതയിൽ സുപ്രസിദ്ധ ചലച്ചിത്രകാരൻ ശ്രി. കെ. പി. കുമാരൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജൂറി അംഗങ്ങളായ ചലച്ചിത്രനിരൂപകൻ ഡോക്ടർ സി. എസ് . വെങ്കിടേശ്വരൻ, ശബ്ദസന്നിവേശവിദഗ്ദ്ധൻ ശ്രീ. ടി. കൃഷ്ണനുണ്ണി , സംവിധായിക ഡോക്ടർ ആശാ ആച്ചി ജോസഫ് എന്നിവർ മത്സര ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു.
ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസെന്റ് ഫലപ്രഖ്യാപനം നടത്തി. സെക്രട്ടറി മേതിൽ കോമളൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഖജാൻജി മാണിക്കോത്ത് മാധവദേവ് സ്വാഗതവും വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്‌ണൻ നന്ദിയും പ്രകാശിപ്പിച്ചു. ഇതോടെ പത്തു ദിവസമായി നടന്നു വന്ന മേളക്ക് തിരശീല വീണു.