സന്ദര്‍ശക വീസയിലെത്തി ജോലി തേടാം, സ്‌പോണ്‍സര്‍മാരില്ലാതെ വിവിധ സൗകര്യങ്ങള്‍
ദുബായ് : യുഎഇയുടെ വീസ നിയമങ്ങളില്‍ അടിമുടി പരിഷ്‌കാരം നടപ്പിലാക്കുന്നു. ജോലി തേടി വരുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സൗകര്യ പ്രദമാകുന്നതാണ് പുതിയ വീസ നിയമങ്ങള്‍.
ബിരുദധാരികള്‍ക്കും പ്രഫഷണലുകള്‍ക്കും യുഎഇയില്‍ എത്തി ജോലി തേടാനുള്ള സൗകരാര്‍ത്ഥം വീസ പെട്ടെന്ന് അനുവദിക്കും.
നിശ്ചിത കാലയളവില്‍ ജോലി ചെയ്യുന്നതിന് താല്‍ക്കാലിക പെര്‍മിറ്റ് ലഭ്യമാക്കുന്നതിനും നിക്ഷേപകര്‍ക്ക് ഒപ്പം സ്‌കില്‍ഡ് വിഭാഗത്തിലുള്ളവര്‍ക്കും പ്രഫഷണലുകള്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെ വീസ ലഭ്യമാക്കുന്നതിനും പുതിയ നിയമം സൗകര്യം നല്‍കുന്നു,
അഞ്ചു വര്‍ഷം വാലിഡിറ്റിയുള്ള ദീര്‍ഘകാല ടൂറിസ്റ്റ് വീസയും ഇനി മുതല്‍ നല്‍കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാകുന്നതാണ് ഈ ടൂറിസ്റ്റ് വീസ.
സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലാതെ സുഹൃത്തുക്കളേയും ബന്ധുക്കളേയും യുഎഇ സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന ടൂറിസ്റ്റ് വീസയും ഇനി മുതല്‍ ലഭിക്കും.
രക്ഷിതാക്കള്‍ക്ക് ആണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രായപരിധി 18 ല്‍ നിന്ന് 25 ആയി ഉയര്‍ത്തി. പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പ്രായപരിധി ഇല്ലെന്നത് തുടരും.
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ വീസ പോലെ പ്രഫഷണലുകള്‍ക്ക് അഞ്ചു വര്‍ഷത്തെ ഗ്രീന്‍ വീസ നല്‍കും.
പഠനാവശ്യങ്ങള്‍ക്കും ഇന്റേഷിപ്പ് പോലുള്ള പരിശീലന പരിപാടികള്‍ക്ക് എത്തുന്നവര്‍ക്ക് സര്‍വ്വകലാശാലകളുടേയോ സ്ഥാപനങ്ങളുടേയോ സ്‌പോണ്‍സര്‍ഷിപ്പില്‍ വീസ.
ആറു മാസംവരെ ടൂറിസ്റ്റ് വീസയില്‍ യുഎഇയില്‍ തങ്ങാനുള്ള അനുവാദവും പുതിയ ടൂറിസ്റ്റ് വീസ ഇളവുകളില്‍ ഉണ്ട്.
പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചവര്‍ നിശ്ചത കാലം യുഎഇയില്‍ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. ഇവര്‍ക്ക് പ്രായപരിധിയില്ലാതെ മക്കളേയും മറ്റ് കുടുംബാംഗങ്ങളേയും സ്‌പോണ്‍സര്‍ ചെയ്യാം. പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വീസയുള്ളവര്‍ എത്ര കാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വീസ റദ്ദാകില്ല. ഒരിക്കല്‍ ലഭിച്ച വീസ പത്തു വര്‍ഷ കാലാവധിക്കിടെ പുതുക്കേണ്ടതുമില്ല.
വീസയുടെ ഉടമ മരിച്ചാലും മക്കള്‍ക്കും ആശ്രിതര്‍ക്കും പത്തുവര്‍ഷ കാലാവധി വരെ യുഎഇയില്‍ തുടരാം. ഇവര്‍ക്ക് വീട്ടു ജോലിക്കാരെ എത്ര വേണമെങ്കിലും കൊണ്ടുവരാനും കഴിയും. ഗോള്‍ഡന്‍ വീസയ്ക്കുള്ള യോഗ്യതയ്ക്കുള്ള ഇളവുകളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
സംരംഭകര്‍ക്കും, വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കും യുഎഇ നല്‍കുന്ന പത്തു വര്‍ഷത്തെ താമസ വീസയാണ് ഗോള്‍ഡന്‍ വീസ. ശമ്പളമോ, വരുമാന പരിധിയോ നോക്കാതെ കലാ,കായിക, ബിസിനസ്, പൊതു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വീസ നല്‍കുന്നത്.











