ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളും ആശയപരമായി ഇടതുപക്ഷക്കാരാകണമെന്നില്ല. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ ആശയപരമായ വ്യതിയാനം സ്വാഭാവികമാണ്. അതേ സമയം ജയസാധ്യത മുന്‍നിര്‍ത്തി മാത്രം തിരഞ്ഞെടുക്കപ്പെടുന്ന അത്തരം സ്ഥാനാര്‍ത്ഥികള്‍ ജനപ്രതിനിധികളായാല്‍ തങ്ങള്‍ക്ക് ആശയപരമായി ഒരു ബാധ്യതയാകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എല്‍ഡിഎഫിന് സാധിക്കണം. ഇല്ലെങ്കില്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ജനപ്രതിനിധികള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന തോന്നലായിരിക്കും ജനങ്ങളില്‍ സൃഷ്‌ടിക്കപ്പെടുന്നത്.
എല്‍ഡിഎഫിലെ പാര്‍ട്ടികളെല്ലാം കാലാകാലങ്ങളായി ഇടതുനിലപാട് സ്വീകരിച്ചു പോരുന്ന കക്ഷികളാകണമെന്നുമില്ല. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തന്നെ ഉദാഹരണം. പക്ഷേ എല്‍ഡിഎഫിനൊപ്പമാകുമ്പോള്‍ ഇടതുനയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കേണ്ടതുണ്ട്. അവരുടെ ജനപ്രതിനിധികള്‍ തനി വലതുപക്ഷ വൈതാളികന്‍മാരെ പോലെ പെരുമാറുമ്പോള്‍ അവരെ നിയന്ത്രിക്കാന്‍ മുന്നണിക്ക് ഉത്തരവാദിത്തമുണ്ട്.
സിനിമക്കാരനായ കെ.ബി.ഗണേഷ് കുമാര്‍ ഏതെങ്കിലും തരത്തിലുള്ള ഇടതുപക്ഷ ബോധം ഉള്‍ക്കൊള്ളുന്ന രാഷ്‌ട്രീയക്കാരനല്ല. മുന്നണി രാഷ്‌ട്രീയത്തിന്റെ ഭാഗമായുള്ള നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരള കോണ്‍ഗ്രസ്(ബി) നേതാവ് എന്ന നിലയില്‍ എല്‍ഡിഎഫിലെത്തിയത്. എല്‍ഡിഎഫ് എംഎല്‍എ ആയ അദ്ദേഹം ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്ന ഒരാളല്ല. സിനിമയിലെ മാടമ്പി കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പെരുമാറുന്നതിലൂടെ രാഷ്‌ട്രീയമായി താന്‍ എവിടെ നില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നതിന്റെ പേരില്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് അയാളെ അറസ്റ്റ് ചെയ്‌തത് ഗണേഷ്‌കുമാറിന്റെ വീട്ടില്‍ വെച്ചാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരന്തരമായി ഇരക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് ഗണേഷ് കുമാര്‍. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ വെച്ച് ഉറഞ്ഞുതുള്ളിയ ഗണേഷ് കുമാര്‍ എന്ന മാടമ്പിയുടെ തനിസ്വരൂപം ചാനലുകളില്‍ ജനം കണ്ടതാണ്. അതിനു ശേഷവും അമ്മക്ക് അകത്തും പുറത്തും ആരോപണ വിധേയനായ നടനു വേണ്ടി ഗണേഷ് കുമാര്‍ ഉറച്ചുനിന്നു. ഈ കേസില്‍ സാക്ഷികള്‍ കൂറുമാറാന്‍ ഭീഷണിയും പ്രലോഭനങ്ങളും ഒരു പോലെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന സമയത്താണ് അത്തരമൊരു ആരോപണത്തിന്റെ പേരില്‍ തന്നെ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റിലാകുന്നത്.
സ്‌ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന കേസില്‍ ഇരക്കൊപ്പം നില്‍ക്കുക എന്നതാണ് മാനുഷിക നിലപാട്. പീഡിതര്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ആ നിലപാട് എപ്പോഴും ഉയര്‍ത്തിപിടിക്കേണ്ടതാണ്. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വിരുദ്ധമായ ചെയ്‌തികള്‍ ഗണേഷ്‌കുമാറിന്റെ ഭാഗത്തു നിന്ന് നിരന്തരമുണ്ടായിട്ടും അദ്ദേഹത്തെ തിരുത്താനോ തങ്ങളുടെ രാഷ്‌ട്രീയമെന്തെന്ന് ബോധ്യപ്പെടുത്താനോ എല്‍ഡിഎഫ് നേതൃത്വം തയാറായില്ല.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച മുകേഷും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഗണേഷ് കുമാറിന് സമാനമായ നിലപാടാണ് സ്വീകരിച്ചത്. മയക്കുമരുന്ന് കേസില്‍ അകപ്പെട്ട ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തെ പ്രതിരോധിച്ചതും ഇരുവരും ചേര്‍ന്നായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ അക്രമിക്കൊപ്പം അടിയുറച്ചുനില്‍ക്കുന്ന രണ്ട് ജനപ്രതിനിധികളുടെയും രാഷ്‌ട്രീയമായ നെറികേട് മുന്നണിക്ക് കൂടി കളങ്കമേല്‍പ്പിക്കുന്നതാണ്. ഇവരുടെ പ്രവൃത്തികള്‍ തിരുത്തപ്പെടേണ്ടതാണെന്ന തോന്നല്‍ പോലും ഇടതുപക്ഷ നേതൃത്വത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. ഇരുവരുടെയും സ്‌ത്രീവിരുദ്ധതയെ അപലപിക്കാത്തത് നിശബ്‌ദമായി അവരെ അംഗീകരിക്കുന്നതിന് തുല്യമാണ്. അത് രാഷ്‌ട്രീയമായി ഇടതുമുന്നണിക്ക് അപകടം ചെയ്യുന്നതുമാണ്.