മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം ശക്തമായതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 38,000ന് മുകളില്‍ ക്ലോസ് ചെയ്‌തു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 269 പോയിന്റ് നേട്ടത്തിലായിരുന്നു. 38,225 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് 38,140 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
83 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 11,215ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,239 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എസ്‌ബിഐ എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ 5 ഓഹരികള്‍. ഏയ്‌ഷര്‍ മോട്ടോഴ്‌സ് 4.87 ശതമാനമുയര്‍ന്നു.
നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 38ഉം ഇന്ന് ലാഭം രേഖപ്പെടുത്തി. ബാങ്ക് ഓഹരികള്‍ ഇന്ന് നേട്ടത്തിന്റെ പാതയിലായിരുന്നു. ഓട്ടോ ഓഹരികളും മുന്നേറ്റം രേഖപ്പെടുത്തി. നിഫ്‌റ്റി ഓട്ടോ സൂചിക 1.35 ശതമാനം നേട്ടം രേഖപ്പെടുത്തി. ഫാര്‍മ, എനര്‍ജി ഓഹരികളും നേട്ടമുണ്ടാക്കി.
റിലയന്‍സ് ഇന്റസ്‌ട്രീസ് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ വീണ്ടും പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. റിലയന്‍സ് ഇന്ന് 3.59 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,079.70 രൂപ എന്ന റെക്കോഡാണ് ഇന്ന് സൃഷ്‌ടിച്ചത്. കഴിഞ്ഞ ഒരു മാസം കൊണ്ട് റിലയന്‍സിന്റെ ഓഹരി വില 19 ശതമാനമാണ് ഉയര്‍ന്നത്.
ആക്‌സിസ് ബാങ്ക്, ശ്രീ സിമന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, ഇന്‍ഫോസിസ് എന്നിവയാണ് ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ആക്‌സിസ് ബാങ്ക് 3.77 ശതമാനം ഇടിവ് നേരിട്ടു.