English हिंदी

Blog

കൊച്ചി: കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനും തിരിച്ചുവരവിനും സൂപ്പർ താരങ്ങളും സംവിധായകർ ഉൾപ്പെടെ സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊവിഡ് പ്രതിസന്ധി മൂലം 400 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമാ വ്യവസായത്തിന് സംഭവിച്ചത്.
ലോക്ക് ഡൗൺ മൂലം നിലച്ച സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിട്ടുണ്ട്. ഇൻഡോർ ഷൂട്ടിംഗ് നടത്താനാണ് ആദ്യഘട്ടത്തിൽ അനുമതി. 50 പേരിൽ അധികമാകരുത് യൂണിറ്റ് അംഗങ്ങൾ. മേക്കപ്പ് ഇടുന്നതുൾപ്പെടെ ഓരോന്നിനും പ്രത്യേക നിബന്ധനകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതും തീരുമാനിച്ച ശേഷം ഷൂട്ടിംഗ് ആരംഭിച്ചാൽ മതിയെന്നാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷൻ ഭാരവാഹികളുടെ നിലപാട്.
പ്രതിഫലം കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. സൂപ്പർ താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഛായാഗ്രഹകരും എഡിറ്റർമാരും പ്രതിഫലം തൽക്കാലത്തേക്കെങ്കിലും കുറയ്ക്കാൻ തയ്യാറാകണമെന്നാണ് ആവശ്യം. ഇതിൽ താരങ്ങളാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. കോടികൾ വാങ്ങുന്ന അഭിനേതാക്കളുണ്ട്. അഞ്ചു ശതമാനം വരുന്ന അഭിനേതാക്കളാണ് ഉയർന്ന പ്രതിഫലം വാങ്ങുന്നത്. മറ്റുള്ളവർ കുറയ്ക്കണമെന്ന ആവശ്യമില്ല. ദിവസ വേതനത്തിലും മറ്റും ചെറിയ വേഷങ്ങൾ അഭിനയിക്കുന്നവരുടെ പ്രതിഫിലം കുറയ്ക്കില്ലെന്ന് നിർമ്മാക്കാൾ പറയുന്നു.
നിർമ്മാതാക്കൾക്ക് മാത്രം തീരുമാനിക്കാൻ കഴിയുന്നതല്ല പ്രതിഫലം സംബന്ധിച്ച പ്രശ്‌നം. താര സംഘടനയായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവയുടെ ഇടപെടലും ആവശ്യമായി വരും. താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കാനോ പരിധി വയ്ക്കാനോ താരസംഘടനയ്ക്ക് കഴിയില്ല. പ്രതിഫലം ആവശ്യപ്പെടുന്നതും നിശ്ചയിക്കുന്നതും താരങ്ങൾ നേരിട്ടാണ്. നിർമ്മാതാവും താരവും തമ്മിലാണ് ഇതു സംബന്ധിച്ച കരാർ ഒപ്പിടുന്നത്. കരാർ ഒപ്പിട്ട പ്രതിഫലം സംബന്ധിച്ച തർക്കങ്ങളിൽ മാത്രമാണ് അമ്മ ഇടപെടുന്നത്. അതിനാൽ പ്രതിഫലം സംബന്ധിച്ച നിർമ്മാതാക്കളുടെ ആവശ്യത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു. ഔദ്യോഗികമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടാൽ അമ്മ യോഗം ചർച്ച ചെയ്യുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
താരങ്ങളുടെയും തങ്ങളുടെയും പ്രതിഫലം സംബന്ധിച്ച ആവശ്യത്തിൽ ഫെഫ്ക നിലപാട് വ്യക്തമാക്കിയിട്ടില്ല. നിർമ്മാതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന നിലപാടാണ് അനൗദ്യോഗികമായി ഭാരവാഹികൾ സ്വീകരിക്കുന്നത്. താരങ്ങളിലും സാങ്കേതിക പ്രവർത്തകരിലും നിരവധി പേർ നിർമ്മാതാക്കൾ കൂടിയായതിനാൽ രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

Also read:  സ്ഥാനാര്‍ഥികള്‍ അറിയാതെ പ്രഖ്യാപനം ; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്