രാജ്യത്തെ പരമോന്നത നീതിപീഠം പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രീംകോടതി അന്തസ് ഒട്ടും ഉയര്‍ത്തിയില്ല, പകരം സ്വയം പരിഹാസ്യമായി. പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ ചൂണ്ടികാട്ടി കൊണ്ട് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച പ്രതികരണം ജഡ്‌ജിമാരിലുണ്ടാക്കിയ പ്രകോപനമാണ് സ്വമേധയാ കേസ് എടുക്കുന്നതിന് വഴിവെച്ചത്. പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി ഈ കേസില്‍ സുപ്രീംകോടതി. ആ പാണ്‌ഡ് കുറെക്കാലമെങ്കിലും ഒരു കളങ്കമായി സുപ്രിം കോടതിയുടെ മേല്‍ കിടക്കുകയും ചെയ്യും.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ജുഡീഷ്യറിക്കുള്ള അവകാശം അസ്ഥാനത്ത് പ്രയോഗിച്ചതിന്റെ ഫലമാണ് ഈ കേസ് ഇത്തരത്തില്‍ പാണ്ടായി പരിണമിച്ചത്. പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശം യഥാര്‍ത്ഥത്തില്‍ ജഡ്‌ജിമാര്‍ക്കെതിരായ വ്യക്തിപരമായ വിമര്‍ശനം ആയിരുന്നില്ല. സുപ്രീംകോടതിയുടെ വിശ്വാസ്യതയ്‌ക്കും ചീഫ് ജസ്റ്റിസിന്റെ അന്തസിനും സംഭവിച്ച തകര്‍ച്ചയാണ് അദ്ദേഹം തന്റെ രണ്ട് ട്വീറ്റുകളിലൂടെ ചൂണ്ടികാട്ടിയത്. ചീഫ് ജസ്റ്റിസ് എന്ന പദവിക്ക് സംഭവിച്ച മൂല്യഭ്രംശത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പക്ഷേ അത് ചീഫ് ജസ്റ്റിസിന്റെ പദവി വഹിക്കുന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമായി സുപ്രീംകോടതി ബെഞ്ച് കണ്ടതില്‍ തന്നെ പിഴച്ചു. പിന്നീട് തുടര്‍ച്ചയായി കോടതിക്ക് പിഴക്കുന്നതാണ് കണ്ടത്.
പ്രശാന്ത് ഭൂഷണ്‍ രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ അപഹസിച്ചുവെന്ന പേരില്‍ വിചാരണയ്‌ക്കിടെ രൂക്ഷ വിമര്‍ശനം നടത്തിയ ബെഞ്ച് പിന്നീട് പലവട്ടം മലക്കം മറിഞ്ഞു. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന നിലപാടിലെത്തിയ ജസ്റ്റിസ് അരുണ്‍ മിശ്ര തനിക്ക് കേസ് കേള്‍ക്കാനുള്ള സമയമില്ലെന്നതാണ് അതിന് കാരണമായി പറഞ്ഞത്. മാപ്പ് പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്നായി സുപ്രീംകോടതിയുടെ നിലപാട്. പക്ഷേ അതിന് തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയിട്ടും സുപ്രീംകോടതി പിന്‍മാറിയില്ല. മാപ്പ് പറയുന്ന കാര്യം പരിഗണിക്കാന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. മാപ്പ് പറഞ്ഞാല്‍ തന്റെ അഭിപ്രായങ്ങളില്‍ നിന്ന് പിന്നോക്കം പോകുന്നതിന് തുല്യമാണെന്നും അതുകൊണ്ട് തനിക്ക് പരമാവധി ശിക്ഷ നല്‍കിയാലും മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ അസന്നിഗ്‌ധമായി വ്യക്തമാക്കിയതോടെ പുലിവാല് പിടിച്ച നിലയിലായി സുപ്രീംകോടതി. മാപ്പ് പറയുന്നത് ഒരു തെറ്റാണോ എന്ന സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യത്തെ ട്രോളുകള്‍ കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ ജനം വരവേറ്റത്. ഒടുവില്‍ ഒരു രൂപ പിഴ എന്ന പരിഹാസ്യമായ വിധിയിലൂടെ സുപ്രീംകോടതി തടിയൂരി.
സുപ്രീംകോടതിയുടെ അന്തസും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്ന ന്യായമാണ് സ്വമേധയാ കേസെടുക്കുന്നതിന് കാരണമായി ബെഞ്ച് പറഞ്ഞിരുന്നത്. പക്ഷേ കേസിന്റെ വിചാരണ വേളയിലെ നാടകീയമായ ട്വിസ്റ്റുകളും വിധിയും സുപ്രീംകോടതിയുടെ അന്തസും വിശ്വാസ്യതയും ഒന്നുകൂടി ഉലയ്‌ക്കുകയാണ് ചെയ്‌തത്. ഇടുങ്ങിയ ചിന്താഗതിയുടെയും അസഹിഷ്‌ണുതയുടെയും ബഹിര്‍സ്‌ഫുരണങ്ങളായ കോടതി നടപടി എന്ന പേരിലായിരിക്കും ഈ കേസ് ഓര്‍ക്കപ്പെടുക.
അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി ഉറച്ചുനിന്ന പ്രശാന്ത് ഭൂഷണിന്റെ നിലപാട് തീര്‍ത്തും അഭിനന്ദനീയമാണ്. ജുഡീഷ്യറിയെ എത്രത്തോളം കളങ്കം വ്യാപിച്ചിരിക്കുന്നുവെന്ന് കാട്ടിതരുന്നതില്‍ അദ്ദേഹം വിജയിച്ചു. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം രാജ്യത്തെ മുഴുവന്‍ ജനാധിപത്യവാദികളുടെയും പിന്തുണയാണ് ആര്‍ജിച്ചെടുത്തത്.