ബഹ്‌റൈന്‍ കേരള സമാജം ഒരുക്കിയ നൃത്തോത്സവ വേദിയില്‍ ഭരത നാട്യത്തിന്റെ വശ്യമാര്‍ന്ന ചുവടുകളുമായി ആശാ ശരത്
മനാമ സിറ്റി : ലാസ്യവും ഭാവവും ചേര്‍ന്ന അഴകില്‍ ഭരതനാട്യത്തിന്റെ നൃത്തച്ചുവടുകളില്‍ കവിതയുടെ ചൊല്ലിയാട്ടം. കാലാസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി നടിയും നര്‍ത്തകിയുമായ ആശാ ശരത് അവതരിപ്പിച്ച നൃത്തശില്‍പം ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് നവ്യാനുഭവമായി.
ഓര്‍മയായ കവയത്രി സുഗതകുമാരിയുടെ കൃഷ്ണ നീ എന്നെ അറിയില്ല എന്ന കവിതയുടെ നൃത്താവിഷ്‌കാരമാണ് ആശാ ശരത് അവതരിപ്പിച്ചത്.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ ഇന്‍ഡോ ബഹറൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ആശാ ശരത്തിന്റെ നൃത്തം അരങ്ങേറിയത്.
മനാമ സിറ്റിയിലെ ബഹ്‌റൈന്‍ കേരളീയസമാജം ഓഡിറ്റോറിയത്തില്‍ ഈദ് അവധിക്കാലത്തെ സായാഹ്നം ആസ്വദിക്കാനെത്തിയ പ്രവാസി പ്രേക്ഷകര്‍ക്ക് നാട്യവിരുന്നൊരുക്കുന്നതായിരുന്നു ആശാ ശരത്തിന്റെ നൃത്തശില്‍പം.
കൃഷ്ണ ഭക്തിയുടെ ഭാവം വിരിയിച്ച നിമിഷങ്ങളാണ് നൃത്തശില്‍പം സമ്മാനിച്ചത്.
യുഎഇയില്‍ ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ആശ ശരത്ത് അടിസ്ഥാനപരമായി നര്‍ത്തകിയാണെങ്കിലും ദൃശ്യം എന്ന ചിത്രത്തിലൂടെ മികച്ച അഭിനേത്രി എന്ന നിലയിലും തിളങ്ങി.