മസ്കത്ത്: സലാലയിൽ അൽ മുഗ്സൈൽ റോഡ് ബ്രിഡ്ജ് പദ്ധതി (അൽ മുഗ്സൈൽ കടൽപ്പാലം) വരുന്നു. ഇതിനായുള്ള കരാറിൽ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒപ്പുവെച്ചു. 90 ലക്ഷം റിയാൽ ചെലവിൽ ഒരുക്കുന്ന പദ്ധതി സലാലയിൽനിന്ന് ദോഫാർ ഗവർണറേറ്റിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മവാലിയും എൻജിനീയർ സയ്യിദ് അസ്ഹറും ആണ് ഒപ്പിട്ടത്. 630 മീറ്റർ നീളമുള്ള കോൺക്രീറ്റ് പാലത്തിൽ 20 തൂണുകളും 13 മീറ്റർ ഉയരത്തിൽ രണ്ട് വശങ്ങളുള്ള തൂണുകളും ഉൾപ്പെടുന്നതാണ് പദ്ധതി. 45.9 മീറ്റർ ഉയരമുള്ള രണ്ട് വലിയ കമാനങ്ങളും, 35.9 മീറ്റർ ഉയരമുള്ള നാല് കമാനങ്ങളുമാണ് പാലത്തിന്റെ സവിശേഷത.
പാലത്തിന് റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് ഏരിയകളും രണ്ട് മുതൽ ഏഴ് മീറ്റർ വരെ വീതിയിൽ നടപ്പാതയും ഉണ്ടായിരിക്കും. ലൈറ്റ് സഹിതം നല്ല രീതിയിൽ രൂപകൽപന ചെയ്തതായിരിക്കും നടപ്പാത. പ്രദേശത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ഒരു അണ്ടർപാസ് നിർമിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
സലാല വിലായത്തിൽനിന്ന് റഖ്യൂത്, ധൽകുത്ത് തുടങ്ങിയ പടിഞ്ഞാറൻ വിലായത്തിലേക്കുള്ള ഗതാഗതം സുഗമമാക്കും. കൂടാതെ യെമൻ അതിർത്തി കടക്കുന്ന അന്താരാഷ്ട്ര പാത എന്ന നിലയിലും ഈ പദ്ധതി ഉപകാരപ്പെടും. പാലം സമീപത്തെ അൽ മർനിഫ് ഗുഹ, അൽ മുഗ്സൈൽ ബ്ലോഹോളുകൾ, അൽ മുഗ്സൈൽ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളിലേക്കുള്ള ടൂറിസം സാധ്യതകളും വർധിപ്പിക്കും.
