ഏപ്രില്‍ മുതല്‍ ജൂലായ് മൂന്നാം വാരം വരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടി (ഇപിഎഫ്)ല്‍ നിന്നും 30,000 കോടി രൂപ വരിക്കാര്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരായ മാസശമ്പളക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. കോവിഡ്-19 സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യവും തൊഴില്‍ നഷ്‌ടവും വരുമാന ചോര്‍ച്ചയുമാണ് ഭാവി വരുമാനത്തിനായി നിക്ഷേപിച്ചിരിക്കുന്ന ഇപിഎഫില്‍ നിന്ന് തുക പിന്‍വലിക്കാന്‍ 80 ലക്ഷം വരിക്കാരെ പ്രേരിപ്പിച്ചത്.
കോവിഡ് ജാലകം വഴിയാണ് 8000 കോടി രൂപയും പിന്‍വലിക്കപ്പെട്ടത്. മാര്‍ച്ച് അവസാനം രാജ്യവ്യാപകമായി ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇപിഎഫില്‍ നിന്ന് ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനുള്ള പ്രത്യേക ജാലകം തുടങ്ങുന്നതായി പ്രഖ്യാപിച്ചത്. കോവിഡ് സൃഷ്‌ടിച്ച പ്രത്യേക സാഹചര്യം മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് മൂന്ന് മാസത്തെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്നുള്ള തുകയോ ഇപിഎഫിലെ ബാലന്‍സ് തുകയുടെ 75 ശതമാനമോ ഇതില്‍ ഏതാണോ കുറവ് അത് പിന്‍വലിക്കാനുള്ള സൗകര്യമാണ് കോവിഡ് ജാലകത്തിലൂടെ ഏര്‍പ്പെടുത്തിയിരുന്നത്. 30 ലക്ഷം വരിക്കാരാണ് ഇതുവരെ ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.
22,000 കോടി രൂപ വൈദ്യചികിത്സാ ആവശ്യത്തിനായാണ് പിന്‍വലിക്കപ്പെട്ടത്. 50 ലക്ഷം വരിക്കാരാണ് ഇത്രയും തുക പിന്‍വലിച്ചത്. ഇത് കഴിഞ്ഞ മാസം സമാന കാലയളവില്‍ പിന്‍വലിക്കപ്പെട്ടതിനേക്കാള്‍ ഉയര്‍ന്ന തുകയാണ്. ഇപിഎഫില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നവരുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ ഒരു കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപിഎഫ് ഇനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക മൂന്ന് മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചതായി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഉത്തേജക പാക്കേജില്‍ ഇപിഎഫ് ഇനത്തില്‍ പിടിക്കുന്ന തുകയിലെ ഈ ഇളവും ഉള്‍പ്പെടുത്തിയിരുന്നു. അതായത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ഇപിഎഫില്‍ ജനങ്ങള്‍ നിക്ഷേപിക്കേണ്ട തുകയിലെ ഇളവും ഉള്‍പ്പെടും. ലോക് ഡൗണിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഇരകളായ സാധാരണക്കാര്‍ക്ക് എന്തെങ്കിലും നേരിട്ടുള്ള സാമ്പത്തിക ആശ്വാസം നല്‍കാതെ അവരുടെ നിര്‍ബന്ധിത നിക്ഷേപത്തില്‍ വരുത്തുന്ന ഇളവ് പോലും പാക്കേജിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുന്ന വിചിത്രമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സൂക്ഷ്‌മ-ചെറുകിട വ്യവസായ മേഖലയിലെ തൊഴിലാളികളുടെ വരുമാനം കുറഞ്ഞതും തൊഴില്‍ നഷ്‌ടപ്പെട്ടതുമാണ് ഇപിഎഫില്‍ വന്‍തോതില്‍ നിന്നു തുക പിന്‍വലിക്കപ്പെട്ടതിന് കാരണം. സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയായ ഉപഭോഗത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഘടകമാണ് ജനങ്ങളുടെ വരുമാന ചോര്‍ച്ച. ഏകദേശം 11 കോടി ആളുകള്‍ക്കാണ് സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തൊഴില്‍ നല്‍കുന്നത്. ഈ മേഖലയിലെ മൂന്നിലൊന്ന് സംരംഭങ്ങളും പൂട്ടിതുടങ്ങിയെന്നാണ് നേരത്തെ തന്നെയുള്ള റിപ്പോര്‍ട്ട്. ഇതുവഴി നഷ്‌ടപ്പെടുന്നത് നേരിട്ടും അല്ലാതെയുമുള്ള കോടി കണക്കിന് തൊഴിലുകളാണ്.
45 വര്‍ഷത്തെ ഉയര്‍ന്ന തൊഴിലില്ലായ്‌മാ നിരക്കാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. തൊഴി ല്‍ വിപണിയും ചെറുകിട ബിസിനസ് സമൂഹവും നേരിടുന്ന ഈ പ്രതിസന്ധിയുടെ സമയത്താണ് കൊറോണയെത്തിയത്. ലോക്ക് ഡൗണ്‍ അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്‌തതു.
കോവിഡിനെ നാം മറികടന്നാലും അടച്ചുപൂട്ടിയ നല്ലൊരു ശതമാനം സംരംഭങ്ങളും ഇനി തുറയ്‌ക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ തൊഴിലുകള്‍ കുറയുന്നതിന്റെ വ്യാപ്‌തി വളരെ കൂടുതലാണ്. ഇതിന് പുറമെ പണപ്പെരുപ്പം കൂടി ഉയരുന്നതോടെ ജീവിത ചെലവ് നിറവേറ്റാനാകാതെ വലയുന്ന ആളുകളുടെ എണ്ണം കൂടും. ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് ചെറുപരിഹാരമെങ്കിലും വരുത്താന്‍ അടിയന്തിരമായ ഇടപെടലുകളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടത്. ഇനിയൊരു പാക്കേജ് കൂടി പ്രഖ്യാപിക്കുകയാണെങ്കില്‍ അതിലെങ്കിലും ജനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക പിന്തുണ കിട്ടുന്ന പദ്ധതികള്‍ ഉണ്ടാകണം. അതിനുള്ള സന്നദ്ധത കാണിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് മനുഷ്യത്വമില്ലെന്നേ കരുതാനാകൂ.


















