സുധീര്‍നാഥ്
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിവസം ചെല്ലും തോറും കേന്ദ്ര സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുന്നു. ലോക്ഡൗണിന് മുന്‍പേ നിശ്ചലമായ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഫോണിന് തുര്‍െച്ചയായ ബില്ല് വന്നപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ ടെലിഫോണ്‍ എകസ്ചേഞ്ചില്‍ പോയി. ഒരു ഭാര്‍ഗവീ നിലയത്തില്‍ പോയ പ്രതീതിയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. ജീവനക്കാര്‍ തീരെ കുറവ്. 2020 ജനവരിയില്‍ കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ള ഒരു സുഹ്യത്ത് അന്ന് നടക്കുന്ന ഉച്ച വിരുന്നിലേയ്ക്ക് ക്ഷണിച്ചു. നൂറിലേറെ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാര്‍ വിആര്‍എസ് എടുത്ത് പിരിയുന്നതിന്‍റെ പാര്‍ട്ടിയായിരുന്നു. ഇത് ഇപ്പോള്‍ പറയുവാന്‍ കാരണമുണ്ട്. പണ്ട് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്‍റെ കഥ ഓര്‍ത്തത് കൊണ്ടാണ്.
1968 സെപ്തംബര്‍ 19. അന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴിലാളികള്‍ നടത്തിയ പൊതു പണിമുടക്ക് ഐതിഹാസികമായിരുന്നു. മിനിമം വേജിന് വേണ്ടി രാജ്യത്തെ തൊഴിലാളികള്‍ ഒരു ദിവസം നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമരമായി മാറി. അന്ന് നടത്തിയ സമരത്തിന്‍റെ നേട്ടങ്ങളാണ് ഇന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഇന്ദിര ഗാന്ധി സര്‍ക്കാരിന്‍റെ കടുത്ത കടന്നാക്രമണം സമരത്തിന് നേരെ ഉണ്ടായി. ആവശ്യാധിഷ്ഠിത മിനിമം കൂലി, വിലവര്‍ധനയ്ക്കനുസരിച്ച ക്ഷാമബത്ത എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഈ ആവശ്യങ്ങള്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ പൊതു ആവശ്യമാക്കി മാറ്റാന്‍ ഈ സമരത്തിന് കഴിഞ്ഞു. സമരത്തില്‍ പങ്കെടുത്ത ത്യശ്ശൂരിലെ 46 ആണുങ്ങളേയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. അന്ന് അവിവാഹിതയായ അറസ്റ്റിലായ സ്ത്രീയാണ് എന്‍റെ അമ്മ. അന്ന് ത്യശ്ശൂര്‍ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാരിയായിരുന്നു അമ്മ ഐ കെ കാര്‍ത്തിയായിനി. ത്യക്കാക്കരയില്‍ അവര്‍ വിശ്രമ ജീവിതം നയിക്കുന്നു. സമരം പരാജയപ്പെട്ടെങ്കിലും, സമരത്തിന്‍റെ ശക്തി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സമരം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തുകയായിരുന്നു. ഒട്ടേറെ പേര്‍ കൊലചെയ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ മിനിമം കൂലി ആവശ്യപ്പെട്ടുള്ള ശക്തമായ ആദ്യ സമരമായിരുന്നു അത്.
2019 സെപ്തംബര്‍ 19ന് പൊതുപണിമുടക്ക് നടത്തിയതിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. പക്ഷെ അത് അമ്മയോട് ആരും പറഞ്ഞില്ല. അന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഭൂരപക്ഷവും സമര മുഖത്തുണ്ടായിരുന്നു. അന്നത്തെ പത്രത്തില്‍ നിന്നാണ് സഹോദരന്‍ വിവരം അറിയുന്നത്. അമ്മയെ കൂട്ടി സഹോദരന്‍ പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി. സമരത്തില്‍ പങ്കാളികളായ വളരെ കുറച്ച് പേര്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. അത് കൊണ്ട് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവിടെ ആദരം ഒരുക്കിയിരുന്നുള്ളൂ. അപ്രതീക്ഷിതമായി സദസില്‍ അമ്മയെ കണ്ട സംഘാടകരും ഒന്ന് പരുങ്ങി. ഉടനെ വേണ്ട നടപടികള്‍ സ്വീകരിച്ചു. അങ്ങനെ അമ്മയേയും ചടങ്ങില്‍ ആദരിച്ചു.
വിമോചന സമരം ചെറിയ രീതിയില്‍ ത്യക്കാക്കരയുടെ ഭാഗമായി. ഐയ്യനാട് പള്ളി, ഇടപ്പള്ളി പള്ളി എന്നിവ കേന്ദ്രീകരിച്ച് ക്രിസ്ത്യാനികളും, ത്യക്കാക്കര ക്ഷേത്രം കേന്ദ്രീകരിച്ച് വളരെ കുറച്ച് ഹിന്ദുക്കളും വിമോചന സമരത്തില്‍ അണി നിരന്നിരുന്നു. സമരത്തിനെതിരെ വലിയ ജാഥകളും ത്യക്കാക്കരയില്‍ നടന്നിട്ടുണ്ട്. ഇടപ്പള്ളി പള്ളിയായിരുന്നു പ്രധാന സമര കേന്ദ്രം. വിമോചന സമരത്തെ തുടര്‍ന്ന്, അന്ന് വരെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം ഒ ഫിലിപ്പ് പാര്‍ട്ടി അംഗത്ത്വം രാജിവെച്ച് ഇങ്ങനെ എഴുതി. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ അധികാര ഭ്യഷ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഞാന്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്ത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നു.
പള്ളികള്‍ കേന്ദ്രീകരിച്ചാണ് വിമോചന സമരം തുടങ്ങിയതും, പിന്നീട് ശക്തമായതും. സമരം പിന്നീട് കോണ്‍ഗ്രസ് ഏറ്റെടുത്തു. എ വി ജോസഫ്, വി പി മരയ്ക്കാര്‍, സി കെ തങ്കപ്പന്‍ നായര്‍, എ സി ജോര്‍ജ്, എ സി ജോസ്, കണ്ണമ്പുഴ ജോസഫ്, പള്ളിപ്പാടന്‍ ജോസഫ് തുടങ്ങിയവര്‍ വിമോചന സമരത്തില്‍ ത്യക്കാക്കരയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ്. കേരളത്തിലെങ്ങും സമരം ആളി കത്തി. വിമോചന സമരം വിജയിച്ചു. ഇഎംഎസ് സര്‍ക്കാരിനെ ഗവര്‍ണറുടെ ശുപാര്‍ശയെ തുടര്‍ന്ന് രാഷ്ട്രപതി പിരിച്ചുവിട്ടു.
1965ല്‍ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നിയമസഭ രൂപീകരിച്ചില്ല. 1967ല്‍ നടന്ന നാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ത്യക്കാക്കര ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള പാലയുടെ ചുവട്ടില്‍ നിന്ന് മന്നത്ത് പത്മനാഭന്‍ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി സപ്തകക്ഷി മുന്നണിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ഇടപ്പള്ളി പുക്കട്ടുപടി റോഡില്‍ നിന്ന് യൂണിവേഴ്സിറ്റി റോഡ് ആരംഭിക്കുന്നിടത്തായിരുന്നു പാലമരം. പ്രസംഗം കേള്‍ക്കാന്‍ കുറേ ആളുകള്‍ കൂടി. ഇലക്ഷന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇഎംഎസിന്‍റെ നേത്യത്ത്വത്തില്‍ രണ്ടാമതും അധികാരത്തിലെത്തി. അന്ന് ത്യപ്പൂണിത്തുറ മണ്ഡലമായിരുന്നു. 27,435 വോട്ട് നേടി ടി കെ രാമക്യഷ്ണന്‍ ജയിച്ചു. ഐഎന്‍സിയുടെ പി പി മണിക്ക് 25,976 വോട്ട് ലഭിച്ചു.
കേരള സമര ചരിത്രത്തില്‍ വലിയ പങ്കാണ് മിച്ചഭൂമി സമരത്തിനുള്ളത്. എറണാകുളം ജില്ലയില്‍ മിച്ചഭൂമി സമരം ശക്തമായിരുന്ന പ്രദേശമായിരുന്നു ത്യക്കാക്കര. എകെജിയും, വടക്കന്‍ അച്ഛനും, ടി കെ രാമക്യഷ്ണന്‍, എ പി വര്‍ക്കി, കെ എന്‍ രവീന്ദ്രനാഥ്, തുടങ്ങി പ്രമുഖരായ പലരും ത്യക്കാക്കരയില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. എം ഒ ഫിലിപ്പ്, എ ജെ തോമസ്, എം ഇ ഹസൈനാര്‍, വി എസ് അബ്ദുള്‍ഖാദര്‍, വി എസ് കുഞ്ഞുമുഹമ്മദ്, കരുണാകരന്‍ പിള്ള, ചിദംബരം നായര്‍, ഇ വി പങ്കജന്‍, സി കെ രാമന്‍, സി എം അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ പ്രദേശികമായി സമരത്തിന്‍റെ നേത്യനിരയില്‍ ഉണ്ടായിരുന്നു. കര്‍ഷകതൊഴിലാളികള്‍ക്ക് 10 സെന്‍റിന്‍റെ കുടികിടപ്പവകാശം ലഭിച്ചത് അവരുടെ വിലപേശല്‍ കഴിവിനെ ഗണ്യമായി സ്വാധീനിച്ചത് കൊണ്ടാണെന്നാണ് (പേജ് 22. ഭൂപരിഷ്ക്കരണം ഇനി എന്ത്?) ഡോക്ടര്‍ തോമസ് എസൈക്ക് എഴുതിയ പുസ്തകത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്നത്. കേരളാ സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍, കേരളാ കര്‍ഷകസംഘം, ആദിവാസി ക്ഷേമസമിതി, പട്ടികജാതി കോളനി അസോസിയേഷന്‍ എന്നീ സംഘടനകളെ അണിനിരത്തിയാണ് പാര്‍ട്ടി മിച്ചഭൂമി സമരം (മിച്ചഭൂമി ചൂണ്ടിക്കാണിക്കല്‍ സമരം) നടത്തിയത്.
ഇടപ്പള്ളി ടോളിലെ ശോഭ തീയറ്ററില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിന് ഒരു സമരം നടന്നിട്ടുണ്ട്. ഇത് ഒരു പ്രാദേശിക സമരം മാത്രമായിരുന്നു. ഒട്ടേറെ ചെറിയ സമരങ്ങള്‍ ത്യക്കാക്കരയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ക്യാമ്പസ് സമരങ്ങളെ മാറ്റി നിര്‍ത്താം. കാരണം ആദ്യ കാലങ്ങളില്‍ ഒട്ടേറെ ക്യാമ്പസ് സമരങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ത്യക്കാക്കരയില്‍ കളക്ട്രേറ്റ് വന്നതോടെ സമരങ്ങളുടെ വേലിയേറ്റം തന്നെ ത്യക്കാക്കരില്‍ ഉണ്ടായി. അത് തുടരുന്നു…


















