മസ്കത്ത്: ഫ്രാൻസിലെ പ്രശസ്തമായ ലെ ഹാവ്രെ മാരിടൈം ഫെസ്റ്റിവലിൽ ഒമാന്റെ റോയൽ നേവിയുടെ പരിശീലന കപ്പലായ ‘ശബാബ് ഒമാൻ രണ്ടിനെ ‘ക്രൂ പരേഡിലെ മികച്ച കപ്പൽ’ എന്ന ബഹുമതിയ്ക്ക് തിരഞ്ഞെടുത്തു.
ഫെസ്റ്റിവലിന്റെ പരേഡുകളിലും, അനുബന്ധ പരിപാടികളിലും കപ്പൽ പ്രകടിപ്പിച്ച ആകർഷക പ്രകടനം, അച്ചടക്കം, മനോഭാവം എന്നിവയ്ക്കാണ് ഈ അംഗീകാരം ലഭിച്ചത്.
ഫെസ്റ്റിവലിൽ മറൈൻ, ബീച്ച് സ്പോർട്സ് ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളിൽ ശബാബ് ഒമാൻ രണ്ട് സജീവമായി പങ്കെടുത്തത്, ഒമാന്റെ സമുദ്ര പൈതൃകത്തെയും സംസ്കാരത്തെയും ലോകസമൂഹത്തിന് പരിചയപ്പെടുത്താൻ സഹായിച്ചു.
ഈ യാത്ര ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിൽ നടത്തുന്ന ശബാബ് ഒമാൻ രണ്ടി-ന്റെ ഏഴാമത്തെ അന്താരാഷ്ട്ര യാത്രയുടെ ഭാഗമായാണ്. ഏപ്രിൽ 30-ന് മസ്‌കത്തിൽ നിന്ന് ആരംഭിച്ച യാത്രയുടെ പത്താമത്തെ സ്റ്റോപ്പാണ് ലെ ഹാവ്രെ. ജൂലൈ 7 വരെ ഫെസ്റ്റിവൽ നടക്കും.
ഈ ആറ് മാസത്തെ യാത്രയിൽ കപ്പൽ 18,000 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുകയും, 15 രാജ്യങ്ങളിലെ 24 തുറമുഖങ്ങളിൽ നങ്കൂരം ഇടുകയും ചെയ്യും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ, ടോൾ ഷിപ്‌സ് റേസ് തുടങ്ങിയ ആഗോള സമുദ്ര ഉത്സവങ്ങളിലും കപ്പൽ പങ്കെടുക്കും.
- 84 ട്രെയിനികൾ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമാണ് പങ്കെടുത്തിരിക്കുന്നത്.
- സുൽത്താന്റെ സായുധ സേന, സുരക്ഷാ സേനകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൗട്ട് & ഗേൾ ഗൈഡ് വിഭാഗം എന്നിവയിൽ നിന്നുള്ളവർ കപ്പലിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഒമാന്റെ സൗഹൃദം, ഐക്യം, സമാധാനം എന്നിവയുടെ സന്ദേശം ലോകത്താകമാനമായും പ്രചരിപ്പിക്കുകയാണ് ഈ അന്താരാഷ്ട്ര കപ്പൽയാത്രയുടെ പ്രധാന ലക്ഷ്യം.
ഓരോ തുറമുഖത്തിലും ഒമാന്റെ സാംസ്കാരിക സമൃദ്ധി, പൈതൃകം, ആധുനിക പുരോഗതി തുടങ്ങിയവ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.